ഇലക്ട്രിക് കാറിന് മൈലേജില്ല, ബാറ്ററി തുടർച്ചയായി മാറി; കാറിന്റെ വില നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ - Kottayam Media

Kottayam

ഇലക്ട്രിക് കാറിന് മൈലേജില്ല, ബാറ്ററി തുടർച്ചയായി മാറി; കാറിന്റെ വില നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

Posted on

 

കോട്ടയം: ഇലക്ട്രിക് നെക്‌സോൺ കാറിന് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാതിരിക്കുകയും ബാറ്ററി തുടർച്ചയായി കേടാവുകയും ചെയ്തുവെന്നു കാട്ടി വൈക്കം സ്വദേശി നൽകിയ പരാതിയിൽ കാറിന്റെ വിലയും ഒരുലക്ഷം രൂപയും ടാറ്റാ മേട്ടോഴ്‌സ് നഷ്ടപരിഹാരമായി നൽകാൻ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്.

വൈക്കം ആറ്റുമംഗലം സ്വദേശിയായ ജോബി വർഗീസിന്റെ പരാതിയിൽ ആണ് 16,85,950/ രൂപയും നഷ്ടപരിഹാരമായി 1,00,000/ രൂപയും ടാറ്റാ മോട്ടോഴ്‌സസ് പരാതിക്കാരന് നൽകണമെന്നു വി.എസ് മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്.

2021 ഡിസംബറിൽ ജോബി കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന എം.കെ. മോട്ടോഴ്‌സിൽനിന്ന് ഇൻഷുറൻസ് പ്രീമിയം ഉൾപ്പടെ 18,64,682/- രൂപ നൽകി ടാറ്റാ നെക്‌സോൺ ഇ.വി. എക്‌സ്് സെഡ് എന്ന എന്ന ഇലക്ട്രിക് കാർ വാങ്ങി. കാറിന് ഒറ്റചാർജിൽ 310 കി.മീ. മൈലേജ് ആണ് മാധ്യമപരസ്യങ്ങളിൽ കമ്പനി വാഗ്ദാനം നൽകിയിരുന്നത്. വാഹനം വാങ്ങി ഏഴുമാസത്തിനകം 1571 കിലോമീറ്റർ ഓടുന്നതിനിടയിൽ മൂന്നുപ്രാവശ്യം ബാറ്ററി തകരാറിലായതിനെത്തുടർന്നു ബാറ്ററി മൂന്നുതവണ മാറ്റിവച്ചുവെന്നു പരാതിയിൽ പറഞ്ഞു.

ഇലക്ട്രിക് കാറിന്റെ പ്രധാനഭാഗമായ ബാറ്ററി തകരാറായി ബ്രേക്ഡൗൺ ആകുന്നത് നിർമാണത്തിലെ അപാകതയാണ്. അതോടൊപ്പം തന്നെ ബാറ്ററിക്ക് വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലായെന്നും കമ്മിഷൻ കണ്ടെത്തി. പുതിയ വാഹനം തുടർച്ചയായി ബ്രേക്ഡൗൺ ആയി വഴിയിൽകിടക്കുന്നതും അതു പരിഹരിക്കാൻ നിരന്തരം വർക്‌ഷോപ്പിൽ പോകുന്നതും വാഹന ഉടമയ്ക്ക് ശാരീരികവും മാനസികവും സാമ്പത്തികമായും കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും കമ്മിഷൻ വിലയിരുത്തി. വാഹനനിർമാതാക്കൾ ബാറ്ററിക്ക് നൽകുന്ന വാറന്റി 1,60,000 കി.മീ. ആണ്. ഈ കാലയളവിനുള്ളിൽ തുടർച്ചയായി വാഹനം കേടാകുന്നത് നിർമ്മാണത്തിലെ അപാകതയാണെന്നും കണ്ടെത്തിയ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version