Kerala

എം എ ബേബിയുടെ അറസ്‌റ്റിൽ പ്രതിഷേധിക്കുക എ വി റസൽ നഗർ (പാലാ)

Posted on

എസ്ഐആറിന്റെ പേരിൽ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങളെ ചെറുത്തതിന്റെ പേരിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്തതിൽ വിപുലീകൃത കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
സംഘപരിവാർ സഖ്യകക്ഷിയായി മാറിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾ ദുരൂഹവും ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നതുമാണ്‌. എസ്ഐആറിന്റെ മറവിൽ 13 കോടിയിൽ പരം വോട്ടർമാരെ ഇതിനോടകം പുറത്താക്കി. വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ നടക്കുന്നത് നീതി നിഷേധവും ആസുത്രിതവുമായ ബിജെപി അനുകൂല നീക്കങ്ങളുമാണ്. പട്ടികയിൽ നിന്ന് നിഷ്‌കാസനം ചെയ്‌ത ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷങ്ങളും ദളിതരുമാണ്.?

കോർപറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് വഴി ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട ബിജെപി സർക്കാരിനെ രക്ഷിക്കാനുള്ള സംഘപരിവാർ ആസൂത്രണത്തിന്റെ ഭാഗമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐആർ പ്രക്രിയ ആരംഭിച്ചത്. സഹ കമീണർമാർ ഈ തെറ്റായ നീക്കങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കൊള്ളയ്‌ക്ക്‌ നേതൃത്വം നൽകുന്നു.
2025 ജൂണിൽ ബീഹാറിൽ ആരംഭിച്ച എസ്ഐആറിന്റെ ഭാഗമായി യുപിയിൽ മാത്രമായി രണ്ടുകോടി വോട്ടർമാരെ നീക്കി. 89 ലക്ഷം ആളുകളെ ബംഗാളിൽ പുറത്താക്കി. കേരളത്തിൽ 24 ലക്ഷം വോട്ടർമാരെ നീക്കി. ഇതെല്ലാം ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്തിത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാകുന്ന ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ തെറ്റായ നീക്കങ്ങൾക്കെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം പടരുകയാണ്. കെ എം രാധാകൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.

തിരുവനന്തപുരത്ത്‌ കേരള യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിൽ കടന്നുകയറി ആക്രമണം നടത്തിയ മന്ത്രിയുടെയും പൊലീസിന്റെയും നടപടികൾക്കെതിരെ പ്രതിഷേധമുയർത്താൻ വിപുലീകൃത സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയത്തിൽ ആഹ്വാനം ചെയ്‌തു. യുഡിഫ്‌ സർക്കാർ ജനവിരുദ്ധതയുടെയും അസഹിഷ്‌ണുതയുടെയും പ്രതീകമായി മാറി. സതീശൻ സർക്കാരിനെതിരായ ഏത്‌ പ്രതിഷേധത്തെയും ആക്രമണത്തിലൂടെയും കള്ളക്കേസുകളിലൂടെയും നേരിടുന്ന നിലപാടിന്റെ വിളംബരമാണ്‌ തലസ്ഥാനത്ത്‌ അരങ്ങേറിയത്‌. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെതിരെ പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ച്‌, അത്‌ സിപിഐ എമ്മിനും എസ്‌എഫ്‌ഐക്കും നേർക്കുള്ള അക്രമമാക്കി മാറ്റിയ കോൺഗ്രസ്‌ നടപടി പരിഹാസ്യമായി. അക്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ യുവജനക്ഷേമ മന്ത്രിയാണെന്നത്‌ നടപടിയുടെ ഗ‍ൗരവം വർധിപ്പിക്കുന്നു.

മന്ത്രിയുടെ നേതൃത്വത്തിൽ തീപ്പന്തങ്ങളും മദ്യക്കുപ്പികളു-മായി പ്രകടനം നടത്തുന്നതും അവ ഹോസ്‌റ്റലിൽ പഠനത്തിലേർപ്പെട്ടിരുന്ന വിദ്യാർഥികൾക്ക്‌ നേരെ വലിച്ചെറിഞ്ഞ്‌ ആക്രമണം നടത്തുന്നതും പ്രാകൃതവും കേട്ടുകേൾവിയില്ലാത്തതുമാണ്‌. സംഘടിതമായ കോൺഗ്രസ്‌–ഗുണ്ടാ ആക്രമണത്തെ സഹായിക്കുംവിധം വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പൊലീസ്‌ നടപടിയും അപലപനീയമാണ്‌. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ ഉൾപ്പെടെ തിരഞ്ഞുപിടിച്ച്‌ അക്രമിച്ചു. ചുരുങ്ങിയ കാലയളവിൽത്തന്നെ ജനവിരുദ്ധ സമീപനങ്ങളിലൂടെ യുഡിഎഫ്‌ സർക്കാർ ബഹുജനങ്ങളിൽനിന്ന്‌ ഏറെ അകന്നിരിക്കുകയാണ്‌. നേരിയ പ്രതിഷേധത്തെപ്പോലും തികഞ്ഞ അസഹിഷ്‌ണുതയോടെയാണ്‌ സർക്കാർ നേരിടുന്നത്‌. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ദുരൂഹ യാത്രയടക്കം യുഡിഎഫ്‌ സർക്കാരിന്റെ കാപട്യവും പൊള്ളത്തരവും ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങൾ. സർക്കാരിന്റെയും കോൺഗ്രസിന്റെയും ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയുള്ള ജനരോഷത്തിൽനിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ ബോധപൂർവമായി അക്രമപരന്പരകൾ സൃഷ്ടിക്കുന്നത്‌. കെ രാജേഷ്‌ പ്രമേയം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version