Kerala
മാതാപിതാക്കളറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാലുവയസ്സുകാരന് രക്ഷകനായി ടി.ടി.ഇ
മാതാപിതാക്കളറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാലുവയസ്സുകാരന് രക്ഷകനായി ടി.ടി.ഇ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തലശ്ശേരിയിലേക്ക് പോകാനെത്തിയ പാനൂർ സ്വദേശികളുടെ മകനാണ് അബദ്ധത്തിൽ ജനശതാബ്ദി എക്സ്പ്രസിൽ കയറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു സംഭവം.പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കുട്ടി കയറിയതിന് പിന്നാലെ ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടുകയായിരുന്നു.
പ്ലാറ്റ്ഫോമിൽ നിന്ന് കഴിച്ച ഐസ്ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് കുട്ടി ട്രെയിനിൽ കയറിയത്. കുട്ടി ട്രെയിനിനുള്ളിൽ കയറിയ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.ട്രെയിൻ പുറപ്പെട്ടതോടെയാണ് കുട്ടിയെ കാണാതായതായി മാതാപിതാക്കൾ ശ്രദ്ധിച്ചത്. തുടർന്ന് പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരച്ചിൽ ആരംഭിച്ചു.
ഇതിനിടെ ജനശതാബ്ദി എക്സ്പ്രസിലെ ഡി-8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ച് നിൽക്കുന്നത് ടി.ടി.ഇ. എൻ.എം. പ്രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടു.കുട്ടിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുത്ത പ്രതീഷ് ഉടൻ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇതേസമയം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ കാണാതായ വിവരവും കൺട്രോൾ റൂം വഴി ടി.ടി.ഇ.യ്ക്ക് ലഭിച്ചു.
കുട്ടിയെ കണ്ടെത്തിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്തു. തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് തിരൂരിലെത്തിയപ്പോൾ ടി.ടി.ഇ. കുട്ടിയെ തിരൂർ ആർ.പി.എഫിന് കൈമാറി.വൈകാതെ മാതാപിതാക്കൾ മറ്റൊരു ട്രെയിനിൽ തിരൂരിലെത്തി. ആർ.പി.എഫിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി ഏറ്റുവാങ്ങിയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്.