India

പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി

Posted on

കാട്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി. 7,126 മീറ്റർ ഉയരമുള്ള ഹിംലങ് ഹിമാൽ പർവതത്തിന്റെ ബേസ് ക്യാമ്പിലുണ്ടായിരുന്ന ആളുകളെയാണ് കാണാതായത്. ദുരന്ത നിവാരണ സേനയുടെ നേത്യത്വത്തിൽ ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നാലുദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തുടനീളം പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്.

കാണാതായവരിൽ വിവിധ ഏജൻസികളിൽനിന്നുള്ള പർവതാരോഹകരും ഉൾപ്പെടുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പിന്മാറിയെങ്കിലും ചിലർ ബേസ് ക്യാമ്പിൽ തന്നെ തങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് രൂപന്ദേഹി ജില്ലയിലെ തിനൗ നദി കവിഞ്ഞൊഴുകി. ബുട്ട്‌വാളിൽ ആറ് വീടുകൾ ഒലിച്ചുപോകുകയും ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നദീതീരങ്ങളിൽനിന്ന് ആയിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ചിറ്‌റാൻ ജില്ലയിൽ നാരായണി, നയു നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കർണാലി മേഖലയിൽ തുളി ദേരി, കർണാലി നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രളയ ഭീഷണി ഉയർത്തുന്നുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 26-നുണ്ടായ പ്രളയ ദുരന്തത്തിൽനിന്ന് നേപ്പാൾ ഇനിയും പൂർണമായി മുക്തമായിട്ടില്ല. നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ദുരന്തത്തിൽ 1,453 പേർ മരണപ്പെടുകയും 5,285 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയ 13,795 പേരിൽ പലരും ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version