Kottayam
പുകവലിക്കാരുടെ കീശ വീണ്ടും കീറും ;സിഗരറ്റ് വില കൂട്ടി കമ്പനികൾ
പുകവലിക്കാരുടെ കീശ വീണ്ടും കീറും ;സിഗരറ്റ് വില കൂട്ടി കമ്പനികൾ .കമ്പനിയുടെ ജനപ്രിയ ബ്രാൻഡായ ‘ഗോൾഡ് ഫ്ലേക്ക് പ്രീമിയം’ ഉൾപ്പെടെയുള്ളവയ്ക്കാണ് വില കൂട്ടിയിരിക്കുന്നത്.
പുതിയ നിരക്ക് പ്രകാരം 10 സിഗരറ്റുകൾ അടങ്ങിയ ഗോൾഡ് ഫ്ലേക്ക് പ്രീമിയം പാക്കറ്റിന് ഇനി മുതൽ 135 രൂപ നൽകണം. 125 രൂപയായിരുന്ന പാക്കറ്റിനാണ് ഒറ്റയടിക്ക് 8 ശതമാനത്തോളം വർദ്ധനവ് വരുത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന് കമ്പനി വില കൂട്ടുന്നത്. കഴിഞ്ഞ ജൂണിൽ 115 രൂപയിൽ നിന്ന് 125 രൂപയായി വില ഉയർത്തിയിരുന്നു. ഈ വർഷത്തെ രണ്ട് വർദ്ധനവുകളും കണക്കിലെടുത്താൽ ആകെ 17.4 ശതമാനത്തിന്റെ വിലക്കയറ്റമാണ് ഈ ബ്രാൻഡിനു മാത്രം ഉണ്ടായിരിക്കുന്നത്.
മറ്റു പ്രമുഖ ബ്രാൻഡുകൾക്കും വില കുത്തനെ കൂട്ടിയിട്ടുണ്ട്. സെപ്റ്റംബർ ആദ്യം 20 എണ്ണമുള്ള ‘ക്ലാസിക് കണക്ട്’ സിഗരറ്റ് പാക്കറ്റിന്റെ വില 390 രൂപയിൽ നിന്ന് 428 രൂപയായി (9.74%) ഉയർത്തിയിരുന്നു. കൂടാതെ 10 എണ്ണമുള്ള ‘ഗോൾഡ് ഫ്ലേക്ക് സൂപ്പർ സ്റ്റാറി’ന്റെ വില 79 രൂപയിൽ നിന്ന് 89 രൂപയായും (12.66%) കൂട്ടി. ഈ വർഷം ഫെബ്രുവരിയിലും ഈ ബ്രാൻഡുകൾക്ക് കമ്പനി വില വർദ്ധിപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ നികുതി ഘടനയാണ് സിഗരറ്റ് കമ്പനികളെ വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചത്. 2026 ഫെബ്രുവരി 1 മുതൽ സിഗരറ്റുകൾക്ക് 40 ശതമാനം ജിഎസ്ടിയും കൂടാതെ പുതിയ അധിക എക്സൈസ് ഡ്യൂട്ടിയും നിലവിൽ വന്നിരുന്നു. സിഗരറ്റിന്റെ നീളവും ഫിൽട്ടറിന്റെ സാന്നിധ്യവും അടിസ്ഥാനമാക്കിയാണ് ഈ എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്. ഈ അധിക നികുതി ഭാരം കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറുന്നതാണ് നിരന്തരമായ വിലവർദ്ധനവിന് കാരണം.