Kerala
അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്
പാലാ: പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല, അത് സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകൾ അറിയാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള അവസരം കൂടിയാണെന്ന് തെളിയിക്കുകയാണ് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ. കോളേജിന്റെ മതിലുകൾക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾക്ക് അൽഫോൻസാ കോളേജ് തുടക്കം കുറിക്കുകയാണ്.
സമൂഹനന്മ ലക്ഷ്യമാക്കി കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഈ വർഷം ഏറ്റെടുത്ത് നടപ്പാക്കുന്ന കർമ്മപദ്ധതികളുടെ ഉദ്ഘാടനം 2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 11.30ന് കോളേജ് ഓഡിറ്റോറിയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. പാലാ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ, വാർഡ് കൗൺസിലർ ശ്രീമതി പ്രിൻസി സണ്ണി തുടങ്ങിയവർ പങ്കെടുക്കും.
പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മലിനജലം വഴി പകരുന്ന കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായി സുവോളജി പി.ജി. ആൻഡ് റിസേർച്ച് വിഭാഗം,പാലാ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധനാ ഡ്രൈവിന്റെ റിസൾട്ട് വിശകലനം ചെയ്ത് അതിന്റെ റിപ്പോർട്ടും പരിഹാരമാർഗനിർദ്ദേശങ്ങളും മുനിസിപ്പാലിറ്റിക്ക് കൈമാറുന്നു. പാലാ മുനിസിപ്പാലിറ്റിയിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി ശേഖരിച്ച ഇരുന്നൂറോളം ജലസാമ്പിളുകൾ കോളേജിലെ ആധുനിക റിസർച്ച് ലബോറട്ടറിയിൽ പരിശോധിച്ചു. ലബോറട്ടറിയെ കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫൈഡ് സെന്ററായി ഉയർത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥാ പഠനരംഗത്തും അൽഫോൻസാ കോളേജ് പുതിയ ചുവടുവെപ്പ് നടത്തുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘മിഷൻ മൗസം’ ദേശീയ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) അൽഫോൻസാ കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ ആധുനിക ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ (AWS) ഉൾപ്പെടെയുള്ള അന്തരീക്ഷ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നു. താപനില, ആപേക്ഷിക ആർദ്രത, അന്തരീക്ഷമർദ്ദം, കാറ്റിന്റെ വേഗത, ദിശ, മഴ, സൗരവികിരണം തുടങ്ങിയ കാലാവസ്ഥാ വിവരങ്ങൾ തുടർച്ചയായി ശേഖരിക്കാൻ AWS സഹായിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സെൻസർ സംവിധാനങ്ങൾ പദ്ധതിയുടെ സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ സ്വഭാവവും ഉയർത്തിക്കാട്ടുന്നു.
AWS-നൊപ്പം സ്ഥാപിക്കുന്ന Eddy Flux Tower, ജലബാഷ്പം, കാർബൺ ഡൈഓക്സൈഡ് എന്നിവ ഉൾപ്പെടെയുള്ള വാതകങ്ങളുടെ കൈമാറ്റം പഠിക്കാൻ സഹായിക്കും. Soil Moisture Sensors മണ്ണിലെ ജലാംശം നിരീക്ഷിക്കുന്നതിനും മഴ, മണ്ണിലെ ഈർപ്പം, സൗരവികിരണം തുടങ്ങിയ വിവരങ്ങൾ സംയോജിപ്പിച്ച് ജലസംരക്ഷണം, കാർഷിക മേഖലയിലെ ജലവിനിയോഗം എന്നിവ സംബന്ധിച്ച പഠനങ്ങൾക്കും വഴിയൊരുക്കും. പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾ, ഇടിമിന്നൽ, ശക്തമായ മഴ, കാറ്റ് തുടങ്ങിയ കാലാവസ്ഥാ അപകടസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്കും ഈ സംവിധാനം പ്രയോജനപ്പെടും. ഭാവിയിലെ കാലാവസ്ഥാ ഗവേഷണങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ശക്തമായ ശാസ്ത്രീയ അടിത്തറ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കായികരംഗത്തും സമൂഹത്തിന് പ്രയോജനകരമായ ഇടപെടലിന് അൽഫോൻസാ കോളേജ് തുടക്കം കുറിക്കുന്നു. കായിക പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനും യുവതലമുറയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുമായി അൽഫോൻസ കോളേജ് പാലായും കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. അൽഫോൻസ കോളേജിന്റെ Community Enhancement Programme-ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.കോളേജ് ക്യാമ്പസിൽ രണ്ട് ക്രിക്കറ്റ് പ്രാക്ടീസ് നെറ്റുകൾ സ്ഥാപിക്കും. കോളേജിലെ വിദ്യാർഥികൾക്കും സമീപ പ്രദേശങ്ങളിലെ പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങൾക്കും ഇവിടെ ശാസ്ത്രീയ പരിശീലനവും വിദഗ്ധ മാർഗനിർദേശവും ലഭ്യമാക്കും.പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകൾ പരിപോഷിപ്പിച്ച് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കായികപ്രതിഭകളെ കണ്ടെത്തി യുവതലമുറയിൽ കായികാഭിരുചി വളർത്തുന്നതിന് അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. പാലായിലെയും സമീപപ്രദേശങ്ങളിലെയും ഹൈസ്കൂൾ,+2 വിദ്യാർത്ഥികൾക്ക് സൗജന്യമായി ഗുണമേന്മയുള്ള കായികപരിശീലനം നൽകുന്നതിനൊപ്പം പോലീസ്, സൈന്യം, നേവി, ബി.എസ്.എഫ്., സി.ആർ.പി.എഫ്. തുടങ്ങിയ സേവനമേഖലകളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ശാരീരികക്ഷമതാ പരിശീലനവും നൽകുന്നു. പ്രതിഭാധനരായ താരങ്ങളെ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കായികതാരങ്ങൾക്ക് സ്പോൺസർഷിപ്പും ആവശ്യമായ പിന്തുണയും ലഭ്യമാക്കുന്നതിനും അക്കാദമി ലക്ഷ്യമിടുന്നു. സമൂഹത്തിലെ യുവതാരങ്ങൾക്ക് മികച്ച കായിക പരിശീലന സൗകര്യം ലഭ്യമാക്കുന്നതിലൂടെ അൽഫോൻസ കോളേജിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, മുൻകാല കായികതാരങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന സമഗ്ര കായികകേന്ദ്രമായി അക്കാദമിയെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബർസാർ റവ . ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.
അറിവിനെ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് അൽഫോൻസാ കോളേജിന്റെ ലക്ഷ്യം. വിവിധ അക്കാദമിക വിഭാഗങ്ങളുടെ വൈദഗ്ധ്യവും വിദ്യാർത്ഥിനികളുടെ കഴിവുകളും സമൂഹത്തിന്റെ ആവശ്യങ്ങളുമായി കൂട്ടിയിണക്കി കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലേക്ക് മുന്നേറുകയാണ് കോളേജ്. പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തിയെടുക്കുന്ന തലമുറയെ രൂപപ്പെടുത്തുക എന്നതാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അറിയിച്ചു.