Kerala

ഇന്നും പവർകട്ട് :വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി

Posted on

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീർഘകാല കരാർ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നത്. ദീർഘകാല കരാർ വഴി കിട്ടേണ്ട വൈദ്യുതിയുടെ കുറവ് കാരണം ഇന്നലെയും കറൻറ് കട്ടുണ്ടായി. അതിനിടെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു.

മഴ പെയ്തിട്ടും ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് കറൻറ് കട്ട് തുടരുകയാണ്. ഇന്നലെ ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടും വൈദ്യുതി നിയന്ത്രണമുണ്ടായി. വൻ തോതിൽ ഉയർന്ന ദിവസങ്ങളിലേതും പോലെ രാത്രിയിൽ രണ്ട് വട്ടമാണ് ഇന്നലെ കറൻറ് കട്ടുണ്ടായത്. ദീർഘകാല കരാറുകൾ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. നിലയങ്ങളുടെ തകരാറ് മൂലം മൂന്ന് കമ്പനികളിൽ നിന്ന്

വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിൻറെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങൾ പറയുന്നത്. ഇന്നും ദീർഘകാല കരാറിൽ നിന്ന് വൈദ്യുതി കുറയും. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഇതോടെ കേന്ദ്ര പൂളിൽ നിന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കിട്ടിയിട്ടും കട്ട് ഒഴിവായില്ല. കേന്ദ്ര പൂളിൽ നിന്ന് 44.72 ദശലക്ഷം യൂണിറ്റാണ് കിട്ടിയത്. ഈ മാസത്തെ ശരാശരി 38.49 ദശലക്ഷം യൂണിറ്റാണ്.

ഇന്നലെ 75 മെഗാവാട്ടും ഇന്ന് 50 മെഗാവാട്ടുമാണ് അധികം തരപ്പെടുത്തിയത്. സർക്കാരിനും കെഎസ്ഇബിക്കും ഷോക്കേറ്റപ്പോഴാണ് കറൻറ് വാങ്ങാൻ ഡയറക്ടർമാരെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് അയച്ചത്. ഈ മാസം പീക്ക് സമയത്ത് ആവശ്യത്തിനുള്ള വൈദ്യുതിയില്ലെന്ന് ജൂണിലേ വ്യക്തമായിരുന്നു. പക്ഷേ അന്ന് ഇത്തരമൊരു ശ്രമത്തിനാരും ഇറങ്ങിയിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version