Kerala
ഗോൾമഴയിൽ പാകിസ്താൻ തകർന്നു! 19–0; ജൂനിയർ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ പടയോട്ടം; സെമിഫൈനലിൽ പ്രവേശനം
ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.
ടൂർണമെന്റിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നിൽ തുടക്കം മുതൽ അവസാനം വരെ മികച്ച ആക്രമണോത്സുക ഗെയിം ആണ് ഇന്ത്യ പുറത്തെടുത്തത്.
മത്സരത്തിൽ പൂജാ മാലിക് ഹാട്രിക് നേടിയപ്പോൾ, റോഷ്‌നി, സാനിക, മധു, സുപ്രിയ എന്നിവർ രണ്ട് ഗോൾ വീതം നേടി. പകരക്കാരായി ഇറങ്ങിയവരുൾപ്പെടെ ആകെ 13 ഇന്ത്യൻ താരങ്ങളാണ് പാകിസ്താൻ ഗോൾവല കുലുക്കിയത്.
ഇന്ത്യക്കായി 18 പെനാൽറ്റി കോർണറുകളും ഒരു പെനാൽറ്റി സ്‌ട്രോക്കും ലഭിച്ചപ്പോൾ, ഒറ്റ ഗോൾ പോലും നേടാനാകാതിരുന്ന പാകിസ്താന് അനുകൂലമായി ഒരു പെനാൽറ്റി കോർണറോ പെനാൽറ്റി സ്‌ട്രോക്കോ പോലും ലഭിച്ചില്ല.