Kerala
രാമപുരത്ത് ഓണാഘോഷത്തിന് ‘അരങ്ങ് 2K26’ ഒരുങ്ങുന്നു വർണ്ണാഭമായ ഘോഷയാത്ര, ആകാശവിസ്മയം, കലാസന്ധ്യ; സെപ്റ്റംബർ 12ന് ആഘോഷം
പാലാ :രാമപുരം : യുണൈററഡ് മർച്ചൻ്റ്സ് ചേമ്പർ രാമപുരത്തിൻ്റെ നേതൃത്വത്തിൽ രാമപുരത്തെ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സെപ്തംബർ മാസം 12-ാം തീയതി രാമപുരത്ത് വമ്പിച്ച ഓണാഘോഷപരിപാടി അരങ്ങ് 2K26 നടത്തപ്പെടുന്നു. അന്നേദിവസം രാമപുരത്തു വാര്യർ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന ആർ.വി.എം. സ്കൂളിൽ വച്ച് നടക്കുന്ന അത്തപ്പൂക്കള മത്സരത്തോടുകൂടി പരിപാടികൾ ആരംഭിക്കുകയാണ്. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നും, രാമപുരം പളളി ജംഗ്ഷൻ വഴി റോസറി ഗ്രാമം ഓഡിറേറാറിയത്തിലേക്ക് വർണ്ണശബളമായ ഘോഷയാത്ര നടത്തുന്നു. അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന ഘോഷയാത്ര പാലാ ഡി.വൈ.എസ്.പി. ശ്രീ. കെ.സദൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു. റോളർ സ്കേററിംഗ്, മാവേലി, റോബോട്ടിക്’ ആന, ഗരുഡൻ തൂക്കം, ഡോൾ, പുലികളി, ആട്ടക്കാവടി, കളരിപ്പയറ്, കരാട്ടെ, ശിങ്കാരി മേളം, തമ്പോലം, ചെണ്ടമേളം, ബാന്റ് മേളം, സ്ട്രീററ് ഡാൻസ്, പോപ്പർ, നിശ്ച്ചലദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകുന്നു. ഫോർ വീലർ ടാബ്ലോ, ടൂവീലർ ഫാൻസിഡ്രസ്സ്, ഫാൻസിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നു.
ഘോഷയാത്ര റോസറി ഗ്രാമത്തിൽ അവസാനിക്കുമ്പോൾ മനോഹരമായ ആകാശവിസ്മയവും നടത്തുന്നു. അതേത്തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേരളാ ഗവ. ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. വിശിഷ്ടാതിഥികളായി ഫ്രാൻസിസ് ജോർജ്ജ് എം.പി., മാണി സി. കാപ്പൻ എം.എൽ.എ., മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ തുടങ്ങി സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു. സമ്മേളനത്തോടൊപ്പം പ്രശസ്ത പിന്നണി ഗായകൻ ശ്രീ. ജിൻസ് ഗോപിനാഥ് നേതൃത്വം നൽകുന്ന രാമപുരത്തെ വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും അരങ്ങേറുന്നു. തുടർന്ന് ഡി.ജെ നൈറോടൂകൂടി പ്രോഗ്രാം അവസാനിക്കുന്നു.
അരങ്ങിന് കൊഴുപ്പേകുവാൻ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഫുഡ് ഫെസ്റ്റ്, കാർഷിക പ്രദർശനം എന്നിവ നടത്തപ്പെടുന്നു.പത്താംക്ലാസിലും, പ്ലസ്ടൂവിലും മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പും, മികച്ച കർഷകരെ ആദരിക്കലും, മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടത്തപ്പെടുന്നു.അരങ്ങിന്റെ വരവറിയിച്ചുകൊണ്ട് യുണൈററഡ് മർച്ചൻറ്സ് ചേമ്പർ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സെപ്തംബർ 11 ന് രാമപുരം പഞ്ചായത്തിൽ നൂറിൽപരം ബൈക്കുകളുടെ വിളംബര റാലി നടത്തപ്പെടുന്നു.അരങ്ങിനോടൊപ്പം സെപ്തംബർ 13 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊച്ചിൻ മിഡാക്ക് അവതരിപ്പിക്കുന്ന നാടകം രാമപുരത്ത് വാര്യർ നടത്തപ്പെടുന്നു.
രാമപുരത്തു വാര്യരുടേയും, ലളിതാംബിക അന്തർജ്ജനത്തിന്റെയും പാറേമ്മാക്കൽ ഗോവർണ്ണദോറുടെയും, വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെയും, കൃഷ്ണൻ പറപ്പള്ളിയുടെയും, എൻ.മോഹനൻ്റെയും, സി.ആർ. കേശവൻ വൈദ്യരുടെയും, ഏഴാച്ചേരി രാമചന്ദ്രൻ്റെയും, പരംവീർചക്ര മേജർ രാമസ്വാമി പരമേശ്വരന്റെയും രാഷ്ട്രീയ രംഗത്തെ അതികായന്മാരായ എം.എം. ജേക്കബ്ബിൻ്റെയും, റോഷി അഗസ്റ്റിൻറെയും, ജോസഫ് വാഴയ്ക്കൻ്റെയും ജന്മം കൊണ്ടും കർമ്മം കൊണ്ടും അനുഗ്രഹീതമായ, കോട്ടയം ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനമായ രാമപുരത്തിൻ്റെ മണ്ണിൽ അരങ്ങേറുന്ന രാമപുരത്തിൻ്റെ ഓണം അരങ്ങ് 2K26 ലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.
അരങ്ങ് ചെയർമാൻ ബിനോയി ഊടുപുഴ, വി.എ. ജോസ് ഉഴുന്നാലിൽ, ഷാജി ആററുപുറത്ത്, കേണൽ കെ.എൻ.വി. ആചാരി, കുര്യാക്കോസ് മാണിവേലിൽ, മനോജ് പണിക്കർ, പി.കെ. വ്യാസൻ, ജയ്സൺ മേച്ചേരിൽ, ജോമോൻ പുളിക്കപ്പടവിൽ, മനോജ് ചീങ്കല്ലേൽ, റോബി ഊടുപുഴ, വിജയൻ വീനസ് എന്നിവർ സംസാരിച്ചു.