Kerala
തരിശുകണ്ടാൽ അരിശം വരുന്നവരാവണം, മണ്ണിലേക്ക് അനുദിനം മടങ്ങുന്നവരാവണം, മനുഷ്യസാമൂഹ്യ നിർമ്മിതിയിൽ അദ്ധ്യാപകരുടെ പങ്ക് വലുത് ,കൃഷിയ്ക്കും കർഷകർക്കും മുഖ്യ പരിഗണനനൽകണം , ശാസ്ത്രീയ കൃഷി വ്യാപകമാക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കാർഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഫലപ്രദമായി വിനിയോഗിക്കാനും സ്മാർട്ട് കൃഷിയിലൂടെ മികച്ച ഉൽപ്പാദന ക്ഷമത ഉറപ്പാക്കി പാലായുടെ കാർഷിക സംസ്കാരം വീണ്ടെടുക്കാനവണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. തരിശുനിലം കണ്ടാൽ അരിശം വന്നിരുന്ന പൂർവ്വിക പാരമ്പര്യം തിരിച്ചറിയണമെന്നും മനുഷ്യാ നീ മണ്ണാകുന്നുവെന്നത് ഒരു പ്രാർത്ഥന മാത്രമല്ല അനുദിന ജീവിത യാഥാർത്ഥ്യമാവണമെന്നുംവൈദികർക്കു സമാനമാം വിധം അദ്ധ്യാപകർക്കും സാമൂഹ്യ നിർമ്മിതിയിൽ മുഖ്യപങ്കു വഹിക്കാനാവണമെന്നും കാലികസാഹചര്യത്തിൽ കാർഷിക മേഖലയ്ക്കും സിവിൽ സർവ്വീസ് മേഖലയ്ക്കും രൂപത പ്രാധാന്യം നൽകുന്നതായും ബിഷപ്പ് തുടർന്നു പറഞ്ഞു.
കൃഷിയ്ക്കും കർഷകർക്കും മുഖ്യപരിഗണന നൽകാനും മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്തിക്കൊണ്ട് നമ്മുടെ ചെറുപ്പക്കാരെ നാട്ടിൽ തന്നെ കാർഷിക സംരംഭകരാക്കി മാറ്റാനും സാധിക്കണം. ഇളം തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷികരംഗത്ത് പുത്തനുണർവ്വ് പ്രദാനം ചെയ്യുന്നതിനും ലക്ഷ്യം വെച്ച് പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതാ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “കുട്ടികളും കൃഷിയിലേക്ക്” പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. രൂപതയുടെ എല്ലാ സ്ക്കൂളുകളിൽ നിന്നും ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ്ബ് ചുമതലക്കാരായ അദ്ധ്യാപകരുടെ സമ്മേളനവും സ്കൂൾ കാമ്പസുകളിൽ കൃഷി ചെയ്യുന്നതിനുള്ള പച്ചക്കറിതൈകളുടെ സൗജന്യ വിതരണത്തിന്റെ ഉദ്ഘാടനവും രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ , പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ,അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ ,ഫാ.ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിയ്ക്കപറമ്പിൽ , പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് മാനേജർ ടോണി സണ്ണി, പ്രോജക്ട് കോർഡിനേറ്റർ സിബി കണിയാംപടി എന്നിവർ പ്രസംഗിച്ചു. പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, പ്രോജക്ട് കൺവീനർ തോമസ് കല്ലാച്ചേരിൽ , ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ, തോമസ് മാത്യു,അഫിൻ ആന്റോ ,അരുൺ ജോഷി, ജോൺ കെന്നഡി,ആലീസ് ജോർജ് , ജെയ്സി മാത്യു എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു. റിട്ടയേഡ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയ നൂതന കാർഷിക മുറകളെ സംബന്ധിച്ച് ക്ലാസ്സെടുത്തു. പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻസ് ഫാർമേഴ്സ് ക്ലബ്ബിന്റെ “പച്ചക്കറി കിറ്റ് ” ക്ലബ്ബ് ഇൻ ചാർജ് അദ്ധ്യാപകൻ നോബി ഡൊമിനിക് വേദിയിൽ സമ്മാനിച്ചു.