Kottayam

ജന്മദിനാഘോഷത്തിനിടെ സുഹൃത്ത് സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിലൂടെ ഇല്ലിനോയ് സ്വദേശിക്ക് ലഭിച്ചത് ഒരു മില്ല്യൺ ഡോളർ (ഏകദേശം 8 കോടിയിലധികം രൂപ) സമ്മാനം

Posted on

ജന്മദിനാഘോഷത്തിനിടെ സുഹൃത്ത് സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിലൂടെ ഇല്ലിനോയ് സ്വദേശിക്ക് ലഭിച്ചത് ഒരു മില്ല്യൺ ഡോളർ (ഏകദേശം 8 കോടിയിലധികം രൂപ) സമ്മാനം. ഇല്ലിനോയിയിലെ ബ്രാഡ്‍വുഡ് സ്വദേശിയായ വ്യക്തിക്കാണ് ഭാര്യ ഒരുക്കിയ ജന്മദിന പാർട്ടിയിൽ സുഹൃത്തിൽ നിന്നും ഈ ഭാഗ്യം തേടിയെത്തിയത്. ഭാര്യ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിനിടയിലാണ് സുഹൃത്ത് ഒരു കവറിനുള്ളിലാക്കി നിരവധി ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകിയത്. ഇതിൽ ഒരു ടിക്കറ്റ് ഇല്ലിനോയ് ലോട്ടറിയുടെ ഓഗസ്റ്റ് 8 ലെ ‘ലോട്ടോ മില്യൺ 2’ നറുക്കെടുപ്പിനുള്ളതായിരുന്നു. 11, 17, 22, 26, 36, 45 എന്നീ ആറ് വിജയ നമ്പറുകളും ഈ ടിക്കറ്റുമായി ഒത്തുവന്നതോടെയാണ് ഒരു മില്ല്യൺ ഡോളർ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്.

‘ഒരിക്കലും ഇങ്ങനെ ഒരു ഭാ​ഗ്യം വരുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്ന് ലോട്ടറി അധികൃതരോട് അദ്ദേഹം പറഞ്ഞു. എന്നാൽ, തനിക്ക് എത്ര രൂപയാണ് ലഭിച്ചതെന്ന് തുടക്കത്തിൽ അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. തനിക്ക് 1,000 ഡോളർ മാത്രമാണ് സമ്മാനമായി ലഭിച്ചതെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. ടിക്കറ്റ് പരിശോധിക്കാൻ ഒരു സുഹൃത്തിനെ ഏൽപ്പിച്ചെങ്കിലും സുഹൃത്തിനും ജാക്ക്‌പോട്ട് തുക തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

1000 ഡോളർ മോശമല്ല, ഇതൊരു നല്ല ദിവസമാണെന്ന് ഞാൻ കരുതി. എന്നാൽ അടുത്തതായി സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു’ എന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് 1,000 ഡോളർ സമ്മാനം വാങ്ങാൻ ഭാര്യയോടൊപ്പം ഇല്ലിനോയ് ലോട്ടറി പ്രൈസ് സെന്ററിലെത്തി. ‘ഞാൻ ആയിരം ഡോളർ ജയിച്ചുവെന്നാണ് ഞങ്ങൾ ജീവനക്കാരോട് പറഞ്ഞത്’ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ലോട്ടറി ജീവനക്കാരൻ അദ്ദേഹത്തോട് പറഞ്ഞത് സമ്മാനത്തുക ഒരു മില്ല്യൺ ഡോളറാണെന്നായിരുന്നു.

ഈ അപ്രതീക്ഷിത വാർത്ത അദ്ദേഹത്തെ ഞെട്ടിച്ചപ്പോൾ ഭാര്യ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഇതേ ടിക്കറ്റിലെ മറ്റൊരു ലൈനിൽ രണ്ട് നമ്പറുകൾ ഒത്തുവന്നതിലൂടെ അദ്ദേഹത്തിന് അധികമായി 2 ഡോളറും ലഭിച്ചിരുന്നു. ലോട്ടറി തുകയിൽ നിന്ന് കുറെ ഭാഗം എല്ലാ വർഷവും ഫ്ലോറിഡയിലുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോകാനായി ഉപയോഗിക്കുമെന്നും, പുതിയൊരു കാറും ഗോൾഫ് കാർട്ടും വാങ്ങുന്നതിനെക്കുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ട്. കൂടാതെ, ദമ്പതികൾ തങ്ങളുടെ 40-ാം വിവാഹ വാർഷികം ഒരു ക്രൂസ് യാത്രയിലൂടെ ആഘോഷിക്കാനും പദ്ധതിയിടുന്നുണ്ട്. ഈ ആഘോഷവേളകളിൽ തന്റെ മക്കളെയും സന്തോഷിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version