Kottayam
കുട്ടികളും കൃഷിയിലേക്ക് “അദ്ധ്യാപക സമ്മേളനവും പച്ചക്കറിതൈ വിതരണവും സെപ്തംബർ 8 ന്
കുട്ടികളും കൃഷിയിലേക്ക് “അദ്ധ്യാപക സമ്മേളനവും പച്ചക്കറിതൈ വിതരണവും എട്ടിന്. പാലാ: ഇളം തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷികരംഗത്ത് പുത്തനുണർവ്വ് പ്രദാനം ചെയ്യുന്നതിനും ലക്ഷ്യം വെച്ച് പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതാ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “കുട്ടികളും കൃഷിയിലേക്ക്” പദ്ധതിയുടെ ഭാഗമായ അദ്ധ്യാപക സംഗമം സെപ്റ്റംബർ എട്ടിന് ചൊവ്വാഴ്ച പാലായിൽ നടക്കും.
ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തിൽ രണ്ടു മണിക്ക് ആരംഭിക്കുന്ന അദ്ധ്യാപക സംഗമത്തിന്റെയും പച്ചക്കറിതൈകളുടെ വിതരണത്തിന്റെയും ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ , പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ,അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോസഫ്താഴത്തു വരിക്കയിൽ ,ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ഫാ.മാത്യു പുളിയ്ക്കപറമ്പിൽ എന്നിവർ പ്രസംഗിക്കും. റിട്ടയേഡ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയ നൂത കാർഷിക മുറകളെ സംബന്ധിച്ച് ക്ലാസ്സെടുക്കും.
രൂപതയുടെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള കൃഷി ആഭിമുഖ്യമുള്ള ഓരോ അധ്യാപകർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കും. “കുട്ടികളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ മാതൃകയിൽ “കതിർ” എന്ന പേരിൽ വിദ്യാർത്ഥികളുടെ കർഷക ക്ലബ്ബുകൾ സ്കൂളുകളിൽ രൂപീകരിച്ച് സംസ്ഥാന വ്യാപകമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നുവെന്നതും അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ” നൂതന പദ്ധതി” വിഭാഗത്തിൽ പെടുത്തി കുട്ടികളുടെ സ്കൂൾ തല കൃഷി പദ്ധതി നടപ്പിലാക്കിയതും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഈ രംഗത്തെ ഫലപ്രദമായ ഇടപെടലുകളുടെ തെളിവാണ്.