Kerala

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് വെറും മൂന്ന് മാസം പിന്നിടുമ്പോൾ, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയമുള്ള മുതിർന്ന നേതാക്കൾക്കൊപ്പം സി. ജോസഫ് വിജയ് ഇടംപിടിച്ചു

Posted on

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് വെറും മൂന്ന് മാസം പിന്നിടുമ്പോൾ, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയമുള്ള മുതിർന്ന നേതാക്കൾക്കൊപ്പം സി. ജോസഫ് വിജയ് ഇടംപിടിച്ചു ; പ്രധാനമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മോദിക്കും രാഹുലിനും തൊട്ടുപിന്നില്‍ ദളപതി.കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു വിജയ് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശക്തിയായി ഉയര്‍ന്നുവന്നത്. 2024-ൽ ടിവികെ (തമിഴക വെട്രി കഴകം) പാർട്ടി സ്ഥാപിച്ചുകൊണ്ട് സൂപ്പര്‍താരം ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു.

രണ്ട് വർഷത്തിനുള്ളിൽ രാഷ്ട്രീയത്തിൽ വൻ മുന്നേറ്റമാണ് പാർട്ടി നടത്തിയത്. പാർട്ടി ആദ്യമായി മത്സരിച്ച തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്‌നാട്ടിൽ അധികാരം പിടിച്ചെടുക്കാൻ ടിവികെയ്ക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായി 2026-ൽ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി അധികാരമേറ്റെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി പദത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ദേശീയ ശ്രദ്ധ ആകർഷിക്കാൻ വിജയിക്ക് സാധിച്ചിട്ടുണ്ട്. ഒടുവിൽ പുറത്തുവന്ന ‘ഇന്ത്യ ടുഡേ – സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ’ സർവേയിൽ രാജ്യത്തെ ഏറ്റവും മികച്ച അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥികളിൽ മൂന്നാമതായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

പ്രധാനമന്ത്രി സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയ സർവേയിൽ 9.2 ശതമാനം പേര്‍ വിജയിയെയാണ് പിന്തുണച്ചത്. 48.7% പേർ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 27.1% പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയുമാണ് പിന്തുണച്ചത്.

മറ്റ് പ്രമുഖ ദേശീയ നേതാക്കളെക്കാൾ ബഹുദൂരം മുന്നിലാണ് വിജയിയുടെ സ്ഥാനം. ടിഎംസി അധ്യക്ഷ മമത ബാനർജി (2%), സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (1.7%), ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ (1.2%) തുടങ്ങിയവരെയെല്ലാം ഈ സർവേയിൽ വിജയ് പിന്നിലാക്കി.

പ്രതിപക്ഷ മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് ആര് എന്ന ചോദ്യത്തിലും രാഹുൽ ഗാന്ധിക്ക് (29%) പിന്നിലായി 12.2% പിന്തുണയോടെ വിജയ് രണ്ടാമതെത്തി. ദക്ഷിണേന്ത്യയിൽ നിന്ന് ഒരു പ്രധാനമന്ത്രി വേണമെന്ന ടിവികെ നേതാക്കളുടെ പ്രചാരണങ്ങൾക്ക് വൻ ഊർജം പകരുന്നതാണ് ഈ സർവേ ഫലം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version