Kerala
ഗുരുദേവൻ പേരിട്ട കുഞ്ഞ് ഇന്ന് 101-ാം വയസ്സിൽ; ചതയദിനത്തിൽ ആ ചരിത്രസാക്ഷിയെ തേടി ഗുരുദേവനും ;മഹാബലിയും ,ഗണപതിയും വീട്ടിലെത്തി വീട്ടിലെത്തി
പൂഞ്ഞാർ: ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം. ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ എത്തിയപ്പോൾ നാമകരണം ചെയ്ത 101-ാം വയസ്സിലെ പാലംപറമ്പിൽ സുശീലാമ്മയെ കാണാൻ ചതയദിന ഘോഷയാത്രയിലെ ഗുരുദേവന്റെയും മഹാബലിയുടെയും ഗണപതി ഭഗവാന്റെയും വേഷധാരികൾ വീട്ടിലെത്തിയത് ആഘോഷത്തിലെ വേറിട്ട കാഴ്ചയായി.
എസ്.എൻ.ഡി.പി. യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയുടെ ആഭിമുഖ്യത്തിലായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം. ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മതിയത്ത് ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ഗുരുദേവന്റെയും മഹാബലിയുടെയും ഗണപതി ഭഗവാന്റെയും വേഷധാരികളും അണിനിരന്നു.
ശശി പനച്ചിയ്ക്കലാണ് ഗുരുദേവന്റെ വേഷം ധരിച്ചത്. വിജയൻ കൊട്ടാരംപറമ്പിൽ മഹാബലിയായും ശ്രീനിവാസൻ പൊങ്ങലയിൽ ഗണപതി ഭഗവാനായും വേഷമണിഞ്ഞു. ഘോഷയാത്രയ്ക്കിടെ ഇവർ സുശീലാമ്മയുടെ വീട്ടിലെത്തി അവരെ സന്ദർശിക്കുകയായിരുന്നു.
ഘോഷയാത്രയിൽ സുശീലാമ്മ പങ്കെടുത്തിരുന്നില്ല. പകരം, ഗുരുദേവന്റെയും മഹാബലിയുടെയും ഗണപതി ഭഗവാന്റെയും വേഷമിട്ടവർ ചരിത്രത്തിന്റെ ആ സാക്ഷിയെ തേടി വീട്ടുമുറ്റത്തെത്തുകയായിരുന്നു. നൂറ്റാണ്ടിന് മുമ്പ് ഗുരുദേവന്റെ സന്നിധിയിൽ പേര് ലഭിച്ച സുശീലാമ്മയെ ചതയദിനത്തിൽ ഗുരുദേവന്റെ വേഷമിട്ടയാൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി കാണുന്നത് അപൂർവ കാഴ്ചയായി.