Kerala

2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം ശക്തമായ ആഭ്യന്തര സുരക്ഷയുടെ അടിത്തറയിൽ മാത്രമേ സാധ്യമാകൂവെന്ന് അമിത് ഷാ

Posted on

ന്യൂഡൽഹി: അടുത്ത രണ്ട് പതിറ്റാണ്ടുകാലത്തേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ തന്ത്രം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം ശക്തമായ ആഭ്യന്തര സുരക്ഷയുടെ അടിത്തറയിൽ മാത്രമേ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു.

ഡൽഹിയിൽ നടന്ന ഇന്റലിജൻസ് ബ്യൂറോയുടെ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. നുഴഞ്ഞുകയറ്റം, ഭീകരവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങി ഉയർന്നുവരുന്ന സുരക്ഷാ ഭീഷണികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അദ്ദേഹം സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി. ‘ഈ രാജ്യം ഒരു ധർമശാലയല്ല.

രാജ്യത്തെ പൗരന്മാർക്ക് മാത്രമാണ് ഇവിടെ ജീവിക്കാൻ അവകാശമുള്ളത്’ എന്നായിരുന്നു അമിത് ഷായുടെ പരാമർശം. നുഴഞ്ഞുകയറ്റക്കാർ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ദേശസുരക്ഷ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താതെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് എത്താനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

അടുത്ത 15 മുതൽ 20 വർഷത്തേക്ക് രാജ്യസുരക്ഷയെ ബാധിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ മുൻകൂട്ടി കണ്ടെത്തണം. പ്രശ്‌നങ്ങൾ വലിയ പ്രതിസന്ധികളായി മാറുന്നതിന് മുമ്പ് അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ തയ്യാറാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിൽ മയക്കുമരുന്ന്, നക്‌സലിസം, സംഘർഷങ്ങൾ എന്നിവ രൂക്ഷമാകുന്നതിന് മുമ്പ് മുൻ സർക്കാരുകൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ രാജ്യത്തിന് വർഷങ്ങളോളം സുരക്ഷാ,

ഭരണപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, അടുത്ത ഒരുവർഷത്തിനുള്ളിൽ പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. കേസുകളുടെ നടപടിക്രമങ്ങൾ സുപ്രീംകോടതി വരെയുള്ള ഘട്ടം ഉൾപ്പെടെ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുക, കോടതി കുറ്റക്കാരെന്ന് വിധിക്കുന്നവരുടെ കൺവിക്ഷൻ റേറ്റ് 25 ശതമാനം വർധിപ്പിക്കുക എന്നിവയും സർക്കാരിന്റെ ലക്ഷ്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version