Kerala

‘ലോക്മാതാ അഹില്യാബായ് മാതൃശക്തി യോജന’ :60 വയസ്സിനു മുകളിലുള്ള മുതിർന്ന സ്ത്രീകൾക്ക് ആജീവനാന്ത സൗജന്യ യാത്ര അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ

Posted on

60 വയസ്സിനു മുകളിലുള്ള മുതിർന്ന സ്ത്രീകൾക്ക് ആജീവനാന്ത സൗജന്യ യാത്ര അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. ‘ലോക്മാതാ അഹില്യാബായ് മാതൃശക്തി യോജന’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് യോഗി ആദിത്യനാഥ് സർക്കാർ അംഗീകാരം നൽകി. യുപി റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിലാണ്, 60 ഓ, അതിനു മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആജീവനാന്തം സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഒരു കോടിയോളം വരുന്ന വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് യുപി ഗതാഗതമന്ത്രി ദയാശങ്കർ സിങ് പറഞ്ഞു. അറുപതോ, അതിനു മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആധാർ കാർഡോ, വോട്ടർ ഐഡി കാർഡോ കാണിച്ച് സൗജന്യ യാത്ര ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച നിർവഹിക്കും.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുതിർന്ന സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. മുതിർന്ന സ്ത്രീകൾക്കുള്ള ആജീവനാന്ത സൗജന്യ യാത്രയ്ക്ക് പുറമെ, രക്ഷാബന്ധൻ ഉത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും മുൻവർഷങ്ങളിലേതിനു സമാനമായി പ്രത്യേക സൗജന്യ ബസ് യാത്രയും യോഗി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 27ന് രാവിലെ 6 മണി മുതൽ ഓഗസ്റ്റ് 29ന് അർധരാത്രി 12 മണി വരെ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളിൽ സ്ത്രീകൾക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version