Kerala

കുറവിലങ്ങാട് ബൈബിൾ കൺവൻഷനും എട്ടുനോമ്പാചരണവും ഒരുക്കങ്ങളായി 11-മാത് കൺവൻഷൻ 29 മുതൽ സെപ്റ്റംബർ ഒന്നുവരെ

Posted on

 

കുറവിലങ്ങാട്: പതിനൊന്നാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റേയും എട്ടുനോമ്പാചരണത്തിന്റേയും ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരിയും ജനറൽ കൺവീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറുവാച്ചിറ , ഫാ. ജോർജ് ചാത്തൻ കുന്നേൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 മുതൽ സെപ്റ്റംബർ ഒന്നുവരെ തിയതികളിൽ നടക്കുന്ന ബൈബിൾ കൺവൻഷന് വയനാട് വടുവൻചാൽ അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ നേതൃത്വം നൽകും. എല്ലാദിവസങ്ങളിലും വൈകുന്നേരം നാലുമുതൽ ഒൻപതുവരെയാണ് കൺവൻഷൻ. കൺവൻഷനോടനുബന്ധിച്ച് കൗൺസിംലിംഗിനും കുമ്പസാരത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 30,31, സെപ്റ്റംബർ ഒന്ന് തിയതികളിൽ ഒരുക്കിയിട്ടുള്ള കൗൺസിലിംഗിന് അനുഗ്രഹ റിട്രീറ്റ് സെന്റർ നേതൃത്വം നൽകും. 29, 31, സെപ്റ്റംബർ ഒന്ന്, നാല് തിയതികളിലാണ് കുമ്പസാരത്തിന് പ്രത്യേക ക്രമീകരണം നടത്തിയിട്ടുള്ളത്.

എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ പിറവിതിരുനാളിനും വിപുലമായ ക്രമീകരണങ്ങളാണ് ഇക്കുറി നടത്തിയിട്ടുള്ളതെന്ന് കൈക്കാരന്മാരായ പ്രഫ. ജോഷി കല്ലറയ്ക്കൽ, ഡോ. സാജു ജോസഫ്, ജെരാർദ് നിധീരി മറുകര, ജോൺ കാരംവേലിൽ എന്നിവർ അറിയിച്ചു.
നോമ്പിന്റെ ആദ്യദിനവും കുറവിലങ്ങാട് നസ്രാണി മഹാസംഗമവാർഷിക ദിനവുമായ സെപ്റ്റംബർ ഒന്നിന് രാവിലെ 7.30ന് ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റും. 4.30ന് പാലാ രൂപത മുഖ്യവികാരി ജനറാൾ ഫാ. ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
സീറോ മലബാർ സഭയിലെ ആദ്യ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് സഭയിലെ വിവിധ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രങ്ങളിലെ ആർച്ച്പ്രീസ്റ്റുമാർ വിശുദ്ധ കുർബാനയർപ്പണത്തിനെത്തുന്നുവെന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. സെപ്റ്റംബർ രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യൻ താമരശ്ശേരിയും മൂന്നിന് ഇടുക്കി രൂപതയിലെ നെടുങ്കണ്ടം പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമലയും അഞ്ചിന് ചങ്ങനാശ്ശരി അതിരൂപതയിലെ കുടമാളൂർ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിലും വിശുദ്ധ കുർബാനയർപ്പിക്കും. എട്ടിന് 10ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും.

നോമ്പിന്റെ വിവിധ ദിവസങ്ങളിലായി വിവിധ ഇടവകകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ മുത്തിയമ്മ തീർത്ഥാടനങ്ങളും നടക്കും. പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ്, മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോന, കൊഴുവനാൽ സെന്റ് ജോൺ നെപുംന്യാൻസ് ഫൊറോന, രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന, കാളികാവ് സെന്റ് സെബാസ്റ്റ്യൻസ്, രത്നഗിരി സെന്റ് തോമസ് , വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകകളും ലീജിയൻ ഓഫ് മേരി കേരള സെനാത്തൂസ്, എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അതിരൂപത , പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ യുവജനങ്ങൾ , ഇടവകയിലെ വിശ്വാസപരിശീലന കേന്ദ്രങ്ങൾ, പാലാ രൂപത പിതൃവേദി, പാലാ രൂപത ഡിസിഎംഎസ് സംഘടനകളുടേയും നേത്യത്വത്തിൽ വിവിധ ദിവസങ്ങളിൽ മുത്തിയമ്മ തീർത്ഥാടനങ്ങൾ നടക്കും. തീർത്ഥാടകർക്ക് നേർച്ചക്കഞ്ഞി നൽകും.

നോമ്പിന്റെ വിവിധ ദിവസങ്ങളിൽ പ്രത്യേക ദിനാചരണങ്ങളും നടക്കും. കുടുംബകൂട്ടായ്മ, വയോജനം, വാഹനവെഞ്ചരിപ്പ്, കുമ്പസാരം, സംഘടന, അധ്യാപക, സമർപ്പിത, കൃതജ്ഞത ദിനാചരണങ്ങൾ നടക്കും. സമാപന ദിനമായ എട്ടിന് 12.05ന് മേരിനാമധാരി സംഗമം നടക്കും. 12.30ന് നോമ്പ് വീടൽ സദ്യയും നടക്കും. കർഷക ദിനാചരണമായ മാസാദ്യവെള്ളിയാഴ്ച സെപ്റ്റംബർ നാലിന് കാർഷിക വിഭവങ്ങളുടെ സമർപ്പണം നടത്തും. കാർഷിക വിഭവങ്ങൾ രാത്രി ഒൻപതിന് പരസ്യലേലം നടത്തും. ലേലത്തിലൂടെ സമാഹരിക്കുന്ന തുക ഇടവകയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തും.
നോമ്പിന്റെ മുഴുവൻ ദിവസങ്ങളിലുമായി 180 മണിക്കൂർ പള്ളി അടയ്ക്കാതെ അഖണ്ഡപ്രാർത്ഥനയും ഒരുക്കിയിട്ടുണ്ട്. കുടുബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പ്രാർത്ഥന.

കൺവൻഷൻ വിജയത്തിനായി ഒരുക്കധ്യാനം നടത്തി. ക്രമീകരണങ്ങളുടെ ഭാഗമായി 20 കമ്മിറ്റികളിലായി വൈദികർ, കൈക്കാരന്മാർ, പള്ളിയോഗാംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രമോഷൻ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതത്വത്തിൽ 1001 അംഗ വോളണ്ടിയർമാർ സേവനം നടത്തുന്നുണ്ട്. പതിനായിരത്തോളം തീർത്ഥാടകരെത്തുന്ന കൺവൻഷനെന്ന നിലയിൽ പള്ളിയങ്കണത്തിൽ എൽഇഡി ടിവിയും ക്രമീകരിച്ചിട്ടുണ്ട്.
പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബ കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ. ജോയി തൊണ്ടാംകുഴി , സോൺ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version