Kerala

കുത്താട്ടുകുളം കന്നുകാലി ചന്ത പ്രൗഢിയോടെ പുനരുജ്ജീവിപ്പിക്കാൻ നഗരസഭയുടെ നേത്യത്വത്തിൽ സമഗ്ര നവീകരണ നടപടികൾക്ക് തുടക്കം

Posted on

കൂത്താട്ടുകുളം: കുത്താട്ടുകുളം കന്നുകാലി ചന്ത പ്രൗഢിയോടെ പുനരുജ്ജീവിപ്പിക്കാൻ നഗരസഭയുടെ നേത്യത്വത്തിൽ സമഗ്ര നവീകരണ നടപടികൾക്ക് തുടക്കം. കച്ചവടം സുതാര്യവും സമയ ബന്ധിതവുമാക്കുന്നതിനായി മാർക്കറ്റിന്റെ പ്രവേശന കവാടങ്ങളിൽ പുതിയ ഗേറ്റുകൾ സ്ഥാപിച്ചതോടെ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

വെള്ളിയാഴ്ചകളിലെ പ്രധാന കച്ചവടത്തിൽ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ കൃത്യമായ സമയ ക്രമീകരണമാണ് നഗരസഭ ഏർപ്പെടുത്തിയിരിക്കുന്നത്. പകൽ സമയങ്ങളിൽ കന്നുകാലികളെ മാർക്കറ്റിനുള്ളിൽ പ്രവേശിപ്പിക്കാമെങ്കിലും വിൽപന വൈകുന്നേരം നാലിന് മാത്രമേ ആരംഭിക്കൂ. സമയം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാർക്കറ്റിന്റെ ഇരുവശങ്ങളിലുമുള്ള ഗേറ്റുകൾ അതുവരെ അടച്ചിടുകയും, കൃത്യം നാലോടെ ഒരേസമയം തുറന്നു നൽകുകയും ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് ചന്ത ദിവസങ്ങളിൽ ഇവിടെയെത്തുന്നത്.

ദൂരദേശങ്ങളിൽ നിന്നുള്ളവർ എത്തുമ്പോഴേക്കും മികച്ച ഉരുക്കളുടെ വിൽപന നേരത്തെ തന്നെ അവസാനിച്ചിരുന്ന പതിവു രീതിക്ക് ഇതോടെ മാറ്റം വരും. പുതിയ സമയക്രമം നിലവിൽ വന്നതോടെ വാങ്ങാൻ എത്തുന്ന എല്ലാവർക്കും മികച്ച ഉരുക്കളെ തെരഞ്ഞെടുക്കാൻ തുല്യ അവസരം ലഭിക്കുന്നതിനൊപ്പം കർഷകർക്കും വിൽപനക്കാർക്കും ന്യായമായ വിലയും ഉറപ്പാക്കാനാകും.

നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉൾപ്പെടെയുള്ള ഭരണസമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താൽക്കാലിക പാർക്കിംഗ് നിയന്ത്രണ സംവിധാനങ്ങൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഓണക്കാല വിപണി കൂടി മുന്നിൽക്കണ്ട് കൂത്താട്ടുകുളത്തിന്റെ പഴയകാല പ്രതാപം തിരികെ കൊണ്ടുവരാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് നഗരസഭപൂർത്തിയാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version