Kerala
തീവണ്ടിയിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങിയ നിയമവിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു
ചേർത്തല: തീവണ്ടിയിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ കുടുങ്ങിയ നിയമവിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതികളുടെ മകൾ കാർത്തിക രാധാകൃഷ്ണനാണ് അപകടത്തിൽപ്പെട്ടത്. 21 വയസാണ്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് ചേർത്തല റെയിൽവേ സ്റ്റേഷനിൽ അപകടമുണ്ടായത്.
കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ ചേർത്തലയിൽ ഇറങ്ങുന്നതിനിടെയാണ് കാർത്തിക വീണത്. ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നീങ്ങിത്തുടങ്ങിയ ട്രെയിൻ യാത്രക്കാരുടെ ബഹളത്തെ തുടർന്ന് 15 മിനിറ്റോളം നിർത്തിയിട്ടു. ചേർത്തല പൊലീസും റെയിൽവേ പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് കാർത്തികയെ പുറത്തെടുത്തത്.
ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് പാളത്തിൽ അറ്റുപോയ പാദം കണ്ടെത്തിയത്. തുടർന്ന് പൊലീസ് ജീപ്പിൽ പാദം ആശുപത്രിയിലെത്തിച്ചു. തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ രാത്രി വൈകിയും തുടർന്നു.
തിരുവനന്തപുരംയിൽ എൽ.എൽ.ബി പഠിക്കുന്ന കാർത്തികയെ കൂട്ടിക്കൊണ്ടുപോകാൻ അമ്മ നിഷയും ഇരട്ട സഹോദരി രോഹിണിയും സ്റ്റേഷനിലെത്തിയിരുന്നു.