Kerala
കൃഷിവകുപ്പിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു
കോട്ടയം: കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി കൃഷിഭവനിൽ ജലവിഭവ- ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
ഓണ വിപണിയിൽ ഭക്ഷ്യോത്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉപകരിക്കുന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ ജോർജ് മുഖ്യപ്രഭാഷണം നിർവഹിച്ചു.ഓണച്ചന്തയിലെ ആദ്യ വില്പന മന്ത്രിക്ക് പച്ചക്കറികൾ നൽകി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോർജ് വെട്ടിക്കത്തടത്തിൽ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാലാ, മിനി ബാബു, മിനിമോൾ ടോമി, ധന്യ വേണുഗോപാൽ, ലൈസമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, പഞ്ചായത്തംഗം ടോമി മാത്യു പ്രാലടിയിൽ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബിനു തോമസ്, ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി ,അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ. സ്വപ്ന, കൃഷി ഓഫീസർ രേഷ്മ എസ്. നായർ
തുടങ്ങിയവർ പങ്കെടുത്തു.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ചാണ് ഓഗസ്റ്റ് 25 വരെ ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. വകുപ്പ് നേരിട്ട് 79 കർഷകചന്തകളൊരുക്കും ഹോർട്ടികോർപ്പ് വഴി 41 വിപണികളും വിഎഫ്സികെ വഴി 16 വിപണികളും ജില്ലയിൽ സജ്ജമാക്കുന്നുണ്ട്.
പൊതുവിപണിയിലെ മൊത്തവ്യാപാരവിലയേക്കാൾ 10 ശതമാനം അധികം നൽകി കർഷകരിൽനിന്ന് സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് വിൽപ്പനയ്ക്കെത്തിക്കുന്നത്. ഓണവിപണിയിൽ പൊതുവിപണിയിലെ ചില്ലറവിൽപന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്.