Kerala
വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും
വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും.ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ എ.സി വോൾവോ ലക്ഷ്വറി ബസ് തിരുവനന്തപുരം -എറണാകുളം റൂട്ടിലാണ് സർവീസ് നടത്തുക. ഓൺലൈൻ ബുക്കിങ് തുടങ്ങി.
36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനമുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസ്സിലെ ശുചിമുറിയും ദീർഘദൂര യാത്രക്ക് ഏറെ സഹായകമാകും.യു.എസ്.ബി ചാർജിങ് പോർട്ടുകളും സൗജന്യ വൈഫൈ സൗകര്യവും ഉണ്ട്.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് 9.45-ന് എറണാകുളത്തെത്തും. യാത്രാസമയം 4.15 മണിക്കൂർ. എറണാകുളത്തുനിന്ന് തിരികെ വൈകീട്ട് 5.30-ന് പുറപ്പെട്ട് 9.45-ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെയാണ് ഇരുസർവീസുകളുടെയും സമയക്രമീകരണം. ഇതേറൂട്ടിൽ വന്ദേഭാരതിൽ ചെയർകാറിന് 690 രൂപയാണ് ടിക്കറ്റ്നിരക്ക്.
കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിലാണ് ഇടയ്ക്ക് സ്റ്റോപ്പുള്ളത്.. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരേക്ക് യാത്ര നീട്ടുന്നതും പരിഗണനയിലുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് വാങ്ങിയ ബസുകൾ ബിസിനസ് ക്ലാസ് എന്ന പേരിൽ നിരത്തിൽ ഇറക്കാനാണ് തീരുമാനിച്ചിരുന്നത്. ഭരണം മാറിയതോടെ പേര് എക്സിക്യുട്ടീവ് ക്ലാസ് എന്നാക്കി. എയർ ഹോസ്റ്റസ് മാതൃകയിൽ ബസിൽ ബസ് ഹോസ്റ്റസുണ്ടാകും. സ്വിഫ്റ്റ് ജീവനക്കാരെയാകും നിയോഗിക്കുക. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ-ബെംഗളൂരു റൂട്ടില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.