Kerala

ഭാര്യയുടെ ഗൂഗിൾപേ യിലൂടെ രണ്ടു തവണയായി 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി

Posted on

കോട്ടയം :പ്രോജക്ട്സീറോ”യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടി തുടർന്ന് വിജിലൻസ്; 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി.മേവെള്ളൂർ ഉള്ള വാടക വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നല്കിയ പരാതി തീർപ്പാക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസറും, ഇടുക്കി തൊടുപുഴ സ്വദേശിയുമായ ബിനീഷ് കുമാർ. റ്റി. ജി (വയസ്-39) യെ “പ്രോജക്ട്സീറോ”യുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിൽ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.

കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പ് വടയാറിൽ പ്രവർത്തിച്ച് വരുന്ന സോഫ്റ്റുവെയർ കമ്പനിയിൽ നിന്നും പിരിഞ്ഞുപോയ മൂന്ന് ജീവനക്കാർ കമ്പനി പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നല്കുന്നില്ലായെന്ന് പറഞ്ഞ് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിൽ ഒരു പരാതി നല്കിയിരുന്നു. പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസറായ ബിനീഷ് കുമാർ. റ്റി. ജി പരാതിക്കാരന്റെ സോഫ്റ്റുവെയർ സ്ഥാപനത്തിലെത്തി പരിശോധന നടത്തുകയും, തുടർന്ന് ചില അപാകതകൾ കാണിച്ച് പരാതിക്കാരന് നോട്ടീസ് നല്കുകയും ചെയ്തിരുന്നു. തുടർന്ന് ബിനീഷ് കുമാർ പരാതിക്കാരനെ ഫോൺ കാൾ വഴിയും, വാട്ട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് ഫയൽ തീർപ്പാക്കണമെങ്കിൽ ആവശ്യപ്പെടുമ്പോഴെല്ലാം പണം നല്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്നലെ (13.08.2026) ബിനീഷ് കുമാർ പരാതിക്കാരനെ ഫോൺ വിളിച്ച് 2,000/- രൂപ ആവശ്യമുണ്ടെന്നും, അത് ഗൂഗിൾ പേ വഴി അയച്ച് നല്കണമെന്നും പറയുകയും, ബിനീഷ് കുമാറിന്റെ ഭാര്യയുടെ ഗൂഗിൾ പേ നമ്പർ പരാതിക്കാരന് വാട്ട്സ് ആപ്പ് മുഖാന്തിരം അയച്ച് നല്കുകയും ചെയ്തു. ഇതിനെ തുടർന്ന് പരാതിക്കാരൻ 2,000/- രൂപ ബിനീഷ് കുമാറിന്റെ ഭാര്യയുടെ ഗൂഗിൾ പേ നമ്പരിൽ അയച്ച് കൊടുത്ത ശേഷം അതിന്റെ സ്ക്രീൻ ഷോട്ട് ബിനീഷ് കുമാറിന് അയച്ച് നല്കി. തുടർന്ന് ഇന്നേ ദിവസം (14.08.2026) രാവിലെ ബിനീഷ് കുമാർ പരാതിക്കാരനെ വീണ്ടും ഫോണിൽ വിളിച്ച് 3,000/- രൂപ ഗൂഗിൾ പേ വഴി വീണ്ടും അയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നല്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോട്ടയം കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കിഴക്കൻ മേഖല വിജിലൻസ് ഓഫീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ

ഇന്ന് (14.08.2026) വൈകി 06.30 മണിക്ക് വടയാറിലെ വാടക വീട്ടിൽ വച്ച് പരാതിക്കാരനിൽ നിന്നും 3,000/- രൂപ ഭാര്യയുടെ ഗൂഗിൾ പേ അക്കൗണ്ടിലേയ്ക്ക് അയച്ച് വാങ്ങവേ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസറായ ബിനീഷ് കുമാർ. റ്റി. ജി യെ “പ്രോജക്ട്സീറോ”യുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിൽ ഡി വൈ എസ് പി. പി വി മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡി. വൈ. എസ്. പി. പി വി മനോജ്‌ കുമാർ, ഇൻസ്‌പെക്ടർ മനു വി നായർ, ASI മാരായ അരുൺ ചന്ദ്, രാജേഷ് കുമാർ, രജീഷ്, അനൂപ് കെ എ, പ്രദീപ്‌, ജോഷി ഇഗ്‌നേഷ്യസ്, സെബാസ്റ്റ്യൻ, ജാൻസി എന്നിവർ വിജിലൻസ് നടപടികളിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version