Kerala
മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തരഘട്ടത്തിൽ ചികിത്സയ്ക്കുള്ള എക്മോ സംവിധാനം പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ കർമ്മം നിർവ്വഹിച്ചു
പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തരഘട്ടത്തിൽ ചികിത്സയ്ക്കുള്ള എക്മോ സംവിധാനം പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ കർമ്മം നിർവ്വഹിച്ചു. അത്യാസന്ന നിലയിലുള്ള രോഗികൾക്കു ജീവൻ നിലനിർത്താനും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാനുമുള്ള ചികിത്സാരീതിയാണ് എക്മോ. ചില അസുഖങ്ങൾ മൂലം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം അപകടകരമായ രീതിയിൽ മോശമാകുമ്പോൾ മറ്റ് എല്ലാ അവയവങ്ങൾക്കും രക്തവും ഓക്സിജനും കിട്ടാതെ വരും. ഇത് രോഗിയുടെ വിവിധ അവയവങ്ങൾ തകരാറിലാക്കുകയും രോഗാവസ്ഥ വർധിച്ച് ഗുരുതരനിലയിൽ ആക്കുകയും ചെയ്യും. മരണത്തിനു വരെ സാധ്യതയുള്ള സമയത്താണ് എക്മോ നിർദേശിക്കുന്നത്. ഉദാഹരണമായി ശ്വാസകോശത്തിൽ ബാക്ടീരിയ , വൈറസ് എന്നിവ മൂലം ഇൻഫക്ഷനുണ്ടായാൽ ശ്വാസകോശത്തിന്റെ സ്ഥിതി പെട്ടെന്നു മോശമാകും.
ഹൃദയാഘാതം , മയോകാർഡിയൽ അസുഖങ്ങൾ, വൈറൽ ഇൻഫെക്ഷൻ മൂലം ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുക, വിഷം ഏറ്റ് ഗുരുതരവസ്ഥയിലാകുക തുടങ്ങിയ വിവിധ സാഹചര്യങ്ങളിലും ഹൃദയത്തിന്റെ പ്രവർത്തനം മോശമാകും. അതുപോലെ ചില സാഹചര്യങ്ങളിൽ മരുന്നുകളുടെ അമിത ഉപയോഗം മൂലം ഹൃദയത്തിന്റെ പ്രവർത്തനം താണു പോയാൽ മരുന്നുകളുടെ എഫക്റ്റ് മാറുന്ന സമയം വരെയും എക്മോ ഉപയോഗിക്കാൻ സാധിക്കും. ഈ സമയത്ത് ശരീരത്തിലുള്ള ദുഷിച്ച രക്തം പുറത്തെടുത്ത് വേറൊരു യന്ത്രത്തിൽ ഘടിപ്പിച്ച് പുറത്തുള്ള കൃത്രിമമായ ശ്വാസകോശത്തിലൂടെയും കൃത്രിമമായ ഹാർട്ട് പോലുള്ള പമ്പിലൂടെയും കടത്തി വിട്ട് ഓക്സിജന്റെയും കാർബൺഡൈ ഓക്സെഡിന്റെയും അളവ് കൃത്യമായി നിയന്ത്രിക്കുകയും, തിരിച്ച് ശരീരത്തിലേക്ക് പമ്പ് ചെയ്യുകയാണ് എക്മോയിലൂടെ ചെയ്യുന്നത്.
എക്മോ ഘടിപ്പിച്ചിരുന്ന സമയത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാധാരണ പ്രവർത്തനം ഇല്ലാതെ തന്നെ മറ്റ് എല്ലാ അവയവങ്ങൾക്കും വേണ്ട ഓക്സിജൻ എത്തിച്ചു നൽകാനും കാർബൺ ഡൈ ഓക്സൈഡ് നീക്കാനും സാധിക്കും. ഈ സമയം ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം കിട്ടുകയും രോഗിയെ ചികിത്സിക്കാനുള്ള സമയം കൂടുതൽ ലഭിക്കുകയും ചെയ്യും. ഏറെ അത്യാസന്നമായി കിടക്കുന്നതും ജീവനു ഭീഷണിയായി കഴിയുന്ന രോഗികളെയുമാണ് എക്മോയിലൂടെ രക്ഷപെടുത്താൻ ശ്രമിക്കുന്നത്. വിദഗ്ധ ഡോക്ടർമാർ പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ ടീമിന്റെ നേതൃത്വത്തിലാണ് എക്മോ ഉപയോഗിച്ചുള്ള ചികിത്സ നടത്തുക.
ആശിർവാദ ചടങ്ങിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, പാലാ രൂപത വികാരി ജനറൽ മോൺ.ഡോ.ജോസഫ് തടത്തിൽ, രൂപത ഫിനാൻസ് ഓഫിസർ റവ.ഡോ.ജോസഫ് മുത്തനാട്ട്, മാർ സ്ലീവാ മെഡിസിറ്റി അസോ.ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ,റവ.ഫാ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ തുടങ്ങിയവർ പങ്കെടുത്തു.