Kerala
. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തുന്നതിന് മുമ്പ് മാറ്റിയെന്ന് വിജിലൻസിന്റെ കണ്ടെത്തൽ
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസ് എസ്.പി. എം. ജെ. സോജൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് കൈമാറി. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തുന്നതിന് മുമ്പ് മാറ്റിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഓർഡർ ചെയ്ത അളവിലുള്ള നെയ്യ് പൂർണമായും ശബരിമലയിൽ എത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് മാറ്റിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
നെയ്യ് എത്തിക്കുന്നതിനായി കരാറുകാരൻ വളരെ കുറഞ്ഞ തുക ക്വോട്ട് ചെയ്തത് സംശയാസ്പദമാണെന്നും വിജിലൻസ് വിലയിരുത്തുന്നു. പമ്പയിൽ നെയ്യ് എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് സന്നിധാനത്തേക്ക് അയച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി അന്വേഷിക്കണമെന്നാണ് നിർദേശം. വിജിലൻസ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം കൂടുതൽ പരിശോധന നടത്തും. നെയ്യ് ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം എ. അജികുമാർ, മുരാരി ബാബു എന്നിവരാണ് പ്രതികൾ. ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പി. എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
2025ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. ഇതിനായി നടത്തിയ ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു. സാധാരണ നെയ്യ് ഉപയോഗിക്കുമ്പോൾ ഒരു കൂട്ടം അരവണ തയ്യാറാക്കാൻ ഏകദേശം 10 ലിറ്റർ നെയ്യ് ആവശ്യമായി വരുമ്പോൾ മിൽമ നെയ്യ് ഉപയോഗിച്ചാൽ 7 മുതൽ 7.5 ലിറ്റർ വരെ മതിയാകുമെന്നായിരുന്നു മിൽമയ്ക്ക് മുൻഗണന നൽകാനുള്ള അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ശുപാർശ. ഈ ശുപാർശ ദേവസ്വം കമ്മീഷണർ എതിർത്തിരുന്നെങ്കിലും നിലപാട് തള്ളി മിൽമയ്ക്ക് കരാർ നൽകാൻ പി. എസ്. പ്രശാന്തും ബോർഡ് അംഗം എ. അജികുമാറും തീരുമാനിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്ഥാപനം ഒരു ലിറ്റർ നെയ്യ്ക്ക് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്ന് വാങ്ങാൻ 510 രൂപയാണ് ലിറ്ററിന് ചെലവായത്. 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങിയതിലൂടെ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. നെയ്യ് മാറ്റിയ സംഭവവും കരാർ നടപടികളിലെ ക്രമക്കേടുകളും ഉൾപ്പെടെ പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും.