Kerala

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ് ബലി :മണ്‍മറഞ്ഞുപോയ പൂർവികരുടെയും കുടുംബത്തിലെ കാരണവന്മാരുടെയും ആത്മശാന്തിക്കായി ബലിതർപ്പണം നടത്തുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്യുന്ന ദിനം

Posted on

 

മണ്‍മറഞ്ഞുപോയ പൂർവികരുടെയും കുടുംബത്തിലെ കാരണവന്മാരുടെയും ആത്മശാന്തിക്കായി ബലിതർപ്പണം നടത്തുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്യുന്ന ദിനം.വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും.കർക്കിടക വാവ് ബലി എന്നത് മലയാള മാസങ്ങളിലെ പന്ത്രണ്ടാമത്തെ മാസമായ കർക്കിടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആചാരമാണ്.

ഇത് മൺമറഞ്ഞുപോയ പൂർവികരെയും കുടുംബത്തിലെ കാരണവന്മാരെയും സ്മരിക്കാനും ബലിതർപ്പണം നടത്താനുമുള്ള ദിവസമാണ്. ഹിന്ദുക്കൾ ചന്ദ്രനെ പിതൃലോകമായി കണക്കാക്കുന്നതിനാൽ, ചന്ദ്രന്റെ മാസമായ കർക്കിടകത്തിലെ കറുത്തവാവ് പിതൃസ്മരണയ്ക്ക് വളരെ പ്രാധാന്യമർഹിക്കുന്നു. ഉത്തരായനകാലത്ത് ഈശ്വരീയ കാര്യങ്ങൾക്കും ദക്ഷിണായനകാലത്ത് പിതൃകാര്യങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നത്, കർക്കിടക വാവ് ദക്ഷിണായനകാലത്തിലെ ആദ്യത്തെ കറുത്തവാവാണ്.

ആലുവ മണപ്പുറം- പെരിയാറിന്റെ തീരത്തുള്ള കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ബലിതർപ്പണ കേന്ദ്രങ്ങളിലൊന്ന്.തിരുനാവായ- ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന പിതൃതർപ്പണ കേന്ദ്രം.വർക്കല പാപനാശം- കടല്‍ത്തീരത്ത് ബലിതർപ്പണം നടത്തുന്നതിനാല്‍ ഏറെ പ്രസിദ്ധം.തിരുവല്ലം തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട പിതൃകർമ കേന്ദ്രം.ഉരുപുണ്യ കാവ്- കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രമാണ് ഇത്തിരുനെല്ലി- വയനാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പിതൃക്കളെ കുടിയിരുത്തുന്ന ഇടം കൂടിയാണ്.

 

ജീവിക്കുന്നവരും ജീവിച്ചുകടന്നുപോയവരും തമ്മില്‍ ഹൃദയാര്‍പ്പണം ചെയ്യുന്ന ധന്യവേളയാണ് കര്‍ക്കടകവാവ്. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ഭാരതത്തില്‍ പിതൃപൂജകള്‍ മുറതെറ്റാതെ നടന്നിട്ടുണ്ട്.പിതൃക്കള്‍ക്ക് ബലിയിടുന്നത് അതീവ പുണ്യകര്‍മ്മമായി കരുതുന്നു. കൃഷ്ണ പക്ഷത്തിലെ 15-ാം തിഥിയില്‍ സൂര്യനും ചന്ദ്രനും ഒരേ ബിന്ദുവില്‍ വരുന്ന ദിവസമാണ് കറുത്തവാവ്(അമാവാസി). ചന്ദ്രന്‍ സൂര്യനില്‍ നിന്നകലാന്‍ തുടങ്ങുമ്പോള്‍ ശുക്ലപക്ഷം തുടങ്ങുന്നു. സൂര്യനുനേരെ എതിരെ ചന്ദ്രന്‍ വരുമ്പോഴാണ് പൗര്‍ണ്ണമി ആവുക.

കറുത്തവാവിനാണ് ബലിതര്‍പ്പണം. ബലിയിടുക എന്നാല്‍ ഭക്ഷണം നല്‍കുക എന്നാണ്. ഹൃദയശുദ്ധിയോടെയുള്ള ഈ സമര്‍പ്പണം, അര്‍പ്പണം എന്ന തൃപ്തിപ്പെടുത്തലിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഈ ഭക്ഷണാര്‍പ്പണത്തിലെ പിണ്ഡം അഥവാ ക്രവ്യം ഏറെ പ്രാധാന്യമാണ്. ഭൗതികശരീരം (സ്ഥൂലശരീരം) വെടിഞ്ഞ ജീവന്‍ പിന്നീട് സൂക്ഷ്മശരീരത്തില്‍ നിലകൊള്ളുന്നു. ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നീ പഞ്ചഭൂതനിര്‍മ്മിതമായ ഭൗതികദേഹത്തെ പഞ്ചഭൂതങ്ങളിലേക്കു തന്നെ വിലയിപ്പിക്കുകയും തുടര്‍ന്ന് സൂക്ഷ്മശരീരത്തിലെ ജീവനെ പത്തുദിവസത്തെ ശുദ്ധമായ ബലിക്രിയാദികളിലൂടെ ഗാത്രസൃഷ്ടി നടത്തി തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ സപിണ്ഡീകരണവും ചെയ്തു പിതൃലോകത്തേക്കു യാത്രയയയ്‌ക്കുന്ന പിതൃയജ്ഞമാണ് അന്ത്യേഷ്ടി. ഷോഡശ സംസ്‌കാരത്തിലെ അവസാന സംസ്‌കാരമാണിത്. പിതൃ ലോകത്തെത്തിയ പൂര്‍വ്വികരെ നിശ്ചിത ദിവസങ്ങളില്‍ അനുസ്മരിച്ച്‌, സമുദ്രത്തിലോ മറ്റു പുണ്യതീര്‍ഥങ്ങളിലോ ജലാശയങ്ങളിലോ ചെയ്യുന്ന ബലിക്രിയയാണ് പിതൃതര്‍പ്പണം.

തീര്‍ത്ഥസ്ഥലികളില്‍ തര്‍പ്പണം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ശുദ്ധമായ അന്തരീക്ഷത്തില്‍ ഭവനങ്ങളില്‍തന്നെ ജലംനിറച്ച ഓട്ടുകിണ്ടിക്കു മുന്നിലിരുന്ന് തര്‍പ്പണം നടത്താം.ഈ വർഷത്തെ കർക്കടക വാവ് ഇന്ന് ഓഗസ്റ്റ് 12 ബുധനാഴ്ച (കർക്കടകം 27) ആണ് ആചരിക്കുന്നത്. അന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കർക്കടക മാസം ഓഗസ്റ്റ് 16 ഞായറാഴ്ച അവസാനിക്കുകയും ഓഗസ്റ്റ് 17ന് ചിങ്ങം ഒന്ന് പിറക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version