Kerala
ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
ഹരിപ്പാട്: ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ ദേശീയപാതകളുടെ വീതി 45 മീറ്റർ മാത്രമായതിനാൽ ഉത്തരവ് നടപ്പായാൽ ഹൈവേയോരത്തെ നിർമാണങ്ങൾക്ക് വലിയ നിയന്ത്രണം നേരിടേണ്ടിവരും. കേരളത്തിൽ നിലവിൽ ദേശീയപാതയിൽനിന്ന് ഏഴ് മീറ്റർ മാറിയാണ് നിർമാണാനുമതി നൽകുന്നത്. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റിയിൽനിന്ന് ആക്സസ് പെർമിറ്റും ആവശ്യമാണ്.
എന്നാൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ വീടുകൾ നിർമിക്കാൻ അനുമതി നൽകാൻ കഴിയില്ല. കച്ചവടസ്ഥാപനങ്ങൾക്ക് 75 മീറ്റർ പരിധിയാണ് ബാധകമാകുക. പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനും ഈ നിയന്ത്രണം ബാധകമാകും. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ദേശീയപാതയുടെ വീതി 60 മീറ്ററാണ്. അവിടെ റോഡിന്റെ മധ്യഭാഗത്തുനിന്ന് വശങ്ങളിലേക്ക് 30 മീറ്റർ വരെയുണ്ടാകും. സുപ്രീംകോടതി നിർദേശപ്രകാരം 40 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന്റെ പുറത്ത് 10 മീറ്റർ കൂടി മാത്രമാണ് അധികമായി വേണ്ടിവരുന്നത്. എന്നാൽ കേരളത്തിൽ ദേശീയപാതയുടെ വീതി 45 മീറ്റർ മാത്രമാണ്. റോഡിന്റെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 22.5 മീറ്റർ മാത്രമാണുള്ളത്. അതിനാൽ കോടതി നിർദേശപ്രകാരം വീടിന് ദേശീയപാതയുടെ അരികിൽനിന്ന് 17.5 മീറ്റർ കൂടി മാറേണ്ടിവരും. കച്ചവടസ്ഥാപനങ്ങൾക്ക് 52.5 മീറ്റർ അധികദൂരം ആവശ്യമായി വരും.
ഇടക്കാല ഉത്തരവ് പൂർണമായി നടപ്പായാൽ കേരളത്തിലെ ദേശീയപാതയോരത്തെ പുതിയ നിർമാണങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക. 2025 നവംബർ രണ്ടിന് രാജസ്ഥാനിലെ ഫലോദി ജില്ലയിൽ എക്സ്പ്രസ് പാതയിലുണ്ടായ അപകടത്തിൽ 12 പേരും അടുത്ത ദിവസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുണ്ടായ അപകടത്തിൽ 19 പേരും മരിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഎച്ച്എഐ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയും അധികൃതരുടെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കോടതി വിലയിരുത്തി. രാജ്യത്തെ ആകെ റോഡുകളുടെ രണ്ട് ശതമാനം മാത്രമാണ് ദേശീയപാതകൾ. എന്നാൽ റോഡപകട മരണങ്ങളിൽ 33 ശതമാനവും ദേശീയപാതകളിലാണ് സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ദേശീയപാതകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീംകോടതി നിരവധി നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
അനധികൃത പാർക്കിങ് നിരോധിക്കണം.
ദേശീയപാതയോരത്തെ കൈയേറ്റങ്ങൾ സംബന്ധിച്ച പരാതികൾ 1033 ടോൾഫ്രീ നമ്പർ, ‘രാജ്മാർഗ്യാത്ര’ ആപ്പ് എന്നിവ വഴി സ്വീകരിക്കണം.
പുതിയ ധാബകളും കച്ചവടസ്ഥാപനങ്ങളും തുടങ്ങാൻ നിയന്ത്രണം.
നിലവിലുള്ള അനധികൃത നിർമാണങ്ങൾ 60 ദിവസത്തിനകം ജില്ലാ കളക്ടർമാർ പൊളിച്ചുനീക്കണം.
എൻഎച്ച്എഐയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയില്ലാതെ ഹൈവേ സുരക്ഷാമേഖലകളിൽ പുതിയ ലൈസൻസുകളും എൻഒസികളും നൽകരുത്.
എല്ലാ ജില്ലകളിലും 15 ദിവസത്തിനകം കളക്ടറുടെ നേതൃത്വത്തിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കണം.
50 കിലോമീറ്റർ ഇടവിട്ട് പൊലീസ് പട്രോളിങ് ശക്തമാക്കണം.
വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തണം.
60 ദിവസത്തിനകം വേഗം അളക്കുന്ന ക്യാമറകൾ, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, എമർജൻസി കോൾ ബോക്സുകൾ എന്നിവ പ്രവർത്തനക്ഷമമാക്കണം.
75 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളും ക്രെയിനുകളും ഒരുക്കണം.
ട്രക്കുകൾ നിർത്തുന്നതിനും ഡ്രൈവർമാർക്ക് ഭക്ഷണം, വിശ്രമം, ശൗചാലയ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള കേന്ദ്രങ്ങൾ ഒരുക്കണം.
അപകടസാധ്യതയുള്ള ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി ലൈറ്റുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ഏകീകൃത ഗതാഗത നിയമങ്ങളും ഡ്രൈവിങ് സമയപരിധിയും നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.