Kerala

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് ഉപഭോക്താക്കള്‍ക്ക് 20 രൂപ തിരികെ നല്‍കുന്ന പദ്ധതിയില്‍ നിന്ന് ബിവറേജസ് കോർപ്പറേഷൻ പിന്മാറുന്നു

Posted on

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് ഉപഭോക്താക്കള്‍ക്ക് 20 രൂപ തിരികെ നല്‍കുന്ന പദ്ധതിയില്‍ നിന്ന് ബിവറേജസ് കോർപ്പറേഷൻ പിന്മാറുന്നു.വ്യാഴാഴ്ച മുതല്‍ പദ്ധതി പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബെവ്‌കോ എം.ഡി ഔദ്യോഗികമായി അറിയിച്ചു. ജീവനക്കാരുടെ അമിതമായ ജോലിഭാരവും പ്രായോഗിക തടസ്സങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിര്‍മാര്‍ജന നയത്തിന്റെ ഭാഗമായി 2025 സെപ്റ്റംബര്‍ 10 മുതലാണ് തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 10 വീതം (ആകെ 20) ഔട്ട്‌ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആരംഭിച്ചത്. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതി പ്രകാരം, പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോള്‍ 20 രൂപ നിക്ഷേപ തുകയായി അധികം ഈടാക്കുകയും, കാലി കുപ്പി തിരിച്ചെത്തിക്കുമ്പോള്‍ ഈ 20 രൂപ റീഫണ്ട് നല്‍കുകയുമായിരുന്നു രീതി.

എന്നാല്‍, പദ്ധതി നടപ്പാക്കിയതില്‍ വലിയ തോതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ബെവ്‌കോ വ്യക്തമാക്കി. മദ്യത്തിന്റെ വിലയേക്കാള്‍ 20 രൂപ അധികം ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഒപ്പം, തിരിച്ചെടുക്കുന്ന കുപ്പികള്‍ യഥാസമയം ചില്ലറ വില്‍പ്പനശാലകളില്‍ നിന്ന് നീക്കം ചെയ്യാത്തതിനാല്‍ മദ്യം സൂക്ഷിക്കേണ്ട വെയര്‍ഹൗസ് ഇടങ്ങള്‍ വലിയ തോതില്‍ കയ്യടക്കപ്പെട്ടു. ഓണം അടക്കമുള്ള ഉത്സവ സീസണുകളില്‍ ആവശ്യത്തിന് മദ്യ സ്റ്റോക്ക് സൂക്ഷിക്കാന്‍ ഇത് വലിയ തടസ്സമായി മാറി. കൂടാതെ, ഔട്ട്‌ലെറ്റുകളിലെ തിരക്കിനിടയില്‍ ഒഴിഞ്ഞ കുപ്പികള്‍ ശേഖരിച്ച് പണം തിരികെ നല്‍കുന്നത് ജീവനക്കാര്‍ക്ക് അമിത ജോലിഭാരമുണ്ടാക്കി. മദ്യശാലകളുടെ പരിസരങ്ങളില്‍ കുപ്പികള്‍ കുന്നുകൂടുന്നത് കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കി. കണ്‍സ്യൂമര്‍ഫെഡ് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതും കുപ്പി ശേഖരണത്തിനായി അനുയോജ്യമായ കമ്പനിയെ ടെന്‍ഡറിലൂടെ കണ്ടെത്താന്‍ സാധിക്കാതിരുന്നതും തിരിച്ചടിയായി.

പദ്ധതി നിര്‍ത്തിയെങ്കിലും, ഇതിനകം വിറ്റഴിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ഈ മാസം 20-ാം തീയതി വരെ ഉപഭോക്താക്കള്‍ക്ക് തിരികെ ഏല്‍പ്പിച്ച് പണം വാങ്ങാവുന്നതാണ്. 20-ന് ശേഷം ഒരു കാരണവശാലും ഒഴിഞ്ഞ കുപ്പികള്‍ സ്വീകരിക്കുകയോ റീഫണ്ട് നല്‍കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി ഔട്ട്‌ലെറ്റുകളില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കും. കുപ്പി ശേഖരണത്തിനായി കുടുംബശ്രീ, ശുചിത്വമിഷന്‍ വഴി നിയോഗിച്ചിട്ടുള്ള ജീവനക്കാരെ 20-ന് ശേഷം പിന്‍വലിക്കാന്‍ ബന്ധപ്പെട്ട റീജിയണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതുവരെ ശേഖരിച്ച ഒഴിഞ്ഞ കുപ്പികള്‍ ഈ മാസം 20-ന് മുമ്പോ അതിനകത്തോ നീക്കം ചെയ്തുവെന്ന് വെയര്‍ഹൗസ് മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. അതോടൊപ്പം, 20 വരെ ഷോപ്പുകളിൽ നിന്ന് ശേഖരിക്കുന്ന ബാക്കി കുപ്പികള്‍ സെപ്റ്റംബര്‍ ഒന്‍പതിനകം പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്നും ബെവ്‌കോ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version