Kerala

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണത്തിൽ നിർണായക മാറ്റത്തിന് സർക്കാർ ആലോചിക്കുന്നു

Posted on

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണത്തിൽ നിർണായക മാറ്റത്തിന് സർക്കാർ ആലോചിക്കുന്നു. നിലവിൽ അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള പരിഷ്കരണം ഇനി 10 വർഷത്തിലൊരിക്കൽ മതിയെന്ന രീതിയിലേക്ക് മാറ്റാനാണ് സർക്കാർ നീങ്ങുന്നത്. അതേസമയം, ക്ഷാമബത്തയും ക്ഷാമാശ്വാസവും കൃത്യമായ ഇടവേളകളിൽ വിതരണം ചെയ്യുന്ന സംവിധാനത്തിനാണ് മുൻഗണന നൽകാൻ ഉദ്ദേശിക്കുന്നത്.

ഇതിനായി മുൻ എൽഡിഎഫ് സർക്കാർ നിയമിച്ച വി.പി. ജോയ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മിഷൻ പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. കമ്മിഷനിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.നിലവിലെ രണ്ട് അംഗങ്ങളും മുൻ സർക്കാരിന്റെ രാഷ്ട്രീയ പരിഗണന പ്രകാരമാണ് നിയമിതരായതെന്നാണ് വിലയിരുത്തൽ. അതിനാൽ ഇവരെ തുടരാൻ നിലവിലെ സർക്കാരിന് താൽപര്യമില്ലെന്നാണ് വിവരം. എന്നാൽ കമ്മിഷൻ അധ്യക്ഷനായ വി.പി. ജോയിയെ മാറ്റണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിലാണ് അവസാന ശമ്പള പരിഷ്കരണം നടപ്പാക്കിയത്. എന്നാൽ അതുണ്ടാക്കിയ അധിക സാമ്പത്തിക ബാധ്യതയെ തുടർന്ന് രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഡിഎ വിതരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ ഡിഎ കുടിശിക വർധിക്കുകയും ജീവനക്കാരുടെ പ്രതിഷേധം ശക്തമാവുകയും ചെയ്തു.

തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി മുഴുവൻ ഡിഎ കുടിശികയും അനുവദിച്ചിരുന്നു. മുൻകാല പ്രാബല്യത്തോടെയുള്ള കുടിശിക തുകയും നിലവിലെ സർക്കാർ കാലയളവിൽ നൽകുമെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും, ആ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തിൽ യുഡിഎഫ് സർക്കാർ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version