India

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസമായി ഡൽഹിയിലെ പാട്യാല ഹൗസ് കോടതി അറസ്റ്റ് വാറണ്ട് റദ്ദാക്കി

Posted on

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസമായി ഡൽഹിയിലെ പാട്യാല ഹൗസ് കോടതി അറസ്റ്റ് വാറണ്ട് റദ്ദാക്കി. അഞ്ച് വർഷം പഴക്കമുള്ള കേസിൽ നേരത്തെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ടാണ് കോടതി അസാധുവാക്കിയത്. ഐഷി ഘോഷ് സമർപ്പിച്ച ഹർജിയിൽ ഇന്നലെ അറസ്റ്റ് വാറണ്ടിന് കോടതി സ്റ്റേ അനുവദിച്ചിരുന്നു. തുടർന്നാണ് വാറണ്ട് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുമ്പ് അയച്ച സമൻസിന് ഹാജരാകാതിരുന്നതിനെ തുടർന്ന് പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

2021-ൽ ബംഗ്ലാ ഭവനിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് പാട്യാല ഹൗസ് കോടതി ഏപ്രിൽ 15-ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, മാസങ്ങളോളം വാറണ്ടുമായി ബന്ധപ്പെട്ട സമൻസോ ഔദ്യോഗിക അറിയിപ്പോ ലഭിച്ചിരുന്നില്ലെന്നാണ് ഐഷിയുടെ വാദം. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ കേസ് വീണ്ടും സജീവമായിരുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം സിപിഐ(എം) കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തി ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചതും വിവാദമായിരുന്നു. സ്വകാര്യ വാഹനത്തിലും യൂണിഫോമോ. നെയിംപ്ലേറ്റോ ഇല്ലാതെയുമാണ് പൊലീസ് എത്തിയതെന്ന ആരോപണവും ഉയർന്നു.

സംഭവസ്ഥലത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്തതിനെ തുടർന്ന് പൊലീസ് സംഘം മടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version