Kottayam

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്‌മദത്തൻ

Posted on

തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്‌മദത്തൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. മകനെ തന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ കണ്ഠരര് രാജീവരർ ദേവസ്വം ബോർഡിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. കെ. ജയകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ചിങ്ങമാസ പൂജകൾക്ക് നട തുറക്കുമ്പോൾ താൻ തന്ത്രിസ്ഥാനത്ത് ഉണ്ടാകില്ലെന്ന് അറിയിച്ച് കണ്ഠരര് രാജീവരർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. പകരം മകൻ കണ്ഠരര് ബ്രഹ്‌മദത്തന് ചുമതല നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും, ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം ദേവസ്വം ബോർഡിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തുടർന്ന് കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ള വിദഗ്ധ തന്ത്രിമാരടങ്ങുന്ന മൂന്നംഗ സമിതിയെ ദേവസ്വം ബോർഡ് നിയോഗിച്ചു. സമിതി ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. കണ്ഠരര് ബ്രഹ്‌മദത്തന് ആവശ്യമായ താന്ത്രിക ജ്ഞാനവും പൂജാവിധികളിലെ വൈദഗ്ധ്യവും ഉണ്ടെന്ന് മൂന്നംഗ സമിതി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാൻ ബോർഡ് തീരുമാനിച്ചത്. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ കണ്ഠരര് ബ്രഹ്‌മദത്തനായിരിക്കും തന്ത്രിസ്ഥാനത്തുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version