Kerala
ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ വഴിമാറരുതെന്ന് പോലീസ് കർശന നിർദേശം നൽകി
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്. ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ വഴിമാറരുതെന്ന് പോലീസ് കർശന നിർദേശം നൽകി. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും.
മുൻകാല ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ എന്നിവ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകളും വ്യാപകമായിരുന്നു.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതരമായ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ, പൊതുസുരക്ഷ മുൻനിർത്തി ഇത്തവണ കർശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്ന വാഹനങ്ങൾ ഉടനടി പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും പോലീസിന്റേത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൊച്ചി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ വാഹന പരിശോധനയും ശക്തമാക്കി. പ്രത്യേകിച്ച്, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന പൊതുസ്ഥലങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഫുട്ബോൾ ആവേശം അതിരുകടക്കാതിരിക്കാൻ പൊതുജനങ്ങൾ എല്ലാവരും പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിറ്റി പോലീസ് അറിയിച്ചു.