Kerala
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുന്നു :രാത്രി ഏഴ് മണിക്ക് ശേഷം പതിനഞ്ച് മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് നിയന്ത്രണം
കേരളത്തിൽ വൈദ്യുതി നിയന്ത്രണം തുടരുകയാണ്. രാത്രി ഏഴ് മണിക്ക് ശേഷം പതിനഞ്ച് മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് നിയന്ത്രണം ഈർപ്പടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാ വാട്ട് വരെ വർധിച്ചിട്ടുണ്ട്. പവർ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
പുറത്തുനിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് വകുപ്പ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും തിരിച്ചടിയായെന്ന് ആണ് കെഎസ്ഇബിയുടെ ബിശദീകരണം. വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രം വെള്ളമേ ഇപ്പോൾ കെഎസ്ഇബി ഡാമുകളിൽ ഉള്ളു. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റാണ്. എന്നാൽ ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റും. ഉയർന്ന വില നൽകിയുള്ള വൈദ്യുതി കരാറുകളും, കേന്ദ്ര വിഹിതവും വഴിയാണ് സംസ്ഥാനം ഇപ്പോൾ പിടിച്ച് നിൽക്കുന്നത്.