Kerala

സെൻസസ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം; പാലായിൽ സെൻസസ് ജോലിക്കിടെ അധ്യാപകന് പരിക്ക്

Posted on

പാലാ: സംസ്ഥാനത്ത് പുതിയ സെൻസസ് നടപടികൾ പുരോഗമിക്കുന്നതിനിടെ സെൻസസ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വിവിധ തരത്തിലുള്ള ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതികൾ ഉയരുന്നു. വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്തേണ്ട സാഹചര്യത്തിൽ പലപ്പോഴും പ്രതികൂല സാഹചര്യങ്ങളാണ് ഇവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഇതിനിടെ, പാലാ കണ്ണാടിയുറുമ്പ് മേഖലയിൽ സെൻസസ് ജോലിക്കെത്തിയ ഒരു അധ്യാപകന് അപകടത്തിൽ പരിക്കേറ്റു. ഒരു വീട്ടിൽ വിവരശേഖരണത്തിനായി എത്തിയപ്പോൾ വീട്ടിലെ നായ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അദ്ദേഹം ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

സെൻസസ് പോലുള്ള പൊതുജനസേവന ചുമതലകൾ നിർവഹിക്കുന്ന ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും, ഇത്തരത്തിൽ ജോലിക്കിടെ അപകടത്തിൽപ്പെടുന്ന ജീവനക്കാർക്ക് മതിയായ ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.

സെൻസസ് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരോട് പൊതുജനങ്ങളും സഹകരണം പുലർത്തണമെന്നും, വളർത്തുനായകളെ നിയന്ത്രണത്തിൽ വച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം പാലാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version