Kerala
ഒടുവിൽ സിപിഎം അയഞ്ഞു പ്രതിപക്ഷ ഉപ നേതാവ് പദവി സിപിഐ ക്ക് നൽകും
ഇടതുമുന്നണിയിലെ ഉഭയകക്ഷി തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നല്‍കാന്‍ സിപിഎം തയാറാകുന്നു.നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ നിരയിലെ ഏകോപനവും മുന്നണി ഐക്യവും ദൃഢമാക്കാനാണ് സിപിഎം ഈ നിര്‍ണ്ണായക തീരുമാനത്തിലേക്ക് എത്തിയത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിന് തന്നെ വേണമെന്ന ആദ്യ നിലപാടില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പിന്നോട്ട് പോയതാണ് വഴിത്തിരിവായത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കടുംപിടിത്തം അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ തയാറാവുകയായിരുന്നു. കെ രാജന്‍ പ്രതിപക്ഷ ഉപനേതാവാകും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത തന്ത്രപരമായ നീക്കങ്ങളാണ് ഈ പദവി സിപിഐക്ക് ഉറപ്പാക്കിയത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന പരിഗണനയും അര്‍ഹമായ അര്‍ഹതയും നല്‍കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബിനോയ് വിശ്വം വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയത്തില്‍ സിപിഐ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ തള്ളിക്കളയാന്‍ സിപിഎം കേന്ദ്ര നേതൃത്വവും തയ്യാറായില്ല. മുന്നണിയില്‍ അനാവശ്യ ഭിന്നതകള്‍ ഒഴിവാക്കാനും സിപിഐയെ ചേര്‍ത്തുപിടിക്കാനും കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദ്ദേശം ഉണ്ടാവുകയായിരുന്നു.
പഴയ കീഴ്വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐയെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബിനോയ് വിശ്വം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുന്നണി മുന്നോട്ട് പോകണമെങ്കില്‍ പരസ്പര ബഹുമാനവും സ്ഥാനമാനങ്ങളുടെ പങ്കുവെക്കലും അത്യാവശ്യമാണെന്ന തത്വം സിപിഎം ഒടുവില്‍ അംഗീകരിക്കുകയാണ്. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സിപിഐ ഈ പദവി ആവശ്യപ്പെട്ടതെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. എല്ലാ പദവികളും ഒരു പാര്‍ട്ടി തന്നെ കേന്ദ്രീകരിക്കുന്നത് ജനാധിപത്യപരമായ മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന വിമര്‍ശനവും ഫലം കണ്ടു.
ആദ്യഘട്ടത്തില്‍ പാര്‍ട്ടിതലത്തില്‍ മാന്യമായി കത്തുകള്‍ അയച്ചും നേരിട്ട് ചര്‍ച്ച നടത്തിയും വിഷയം ഉന്നയിച്ച കാര്യവും സിപിഐ ഓര്‍മ്മിപ്പിച്ചിരുന്നു. പരസ്യ പ്രസ്താവന നടത്തുന്നതിന് മുന്‍പ് തന്നെ ആഭ്യന്തരമായി സിപിഎമ്മിനെ അതൃപ്തി അറിയിച്ചിരുന്നുവെന്ന് തെളിവുകള്‍ സഹിതമാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. തര്‍ക്കങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ ജൂലൈ 14-ന് ഇരു പാര്‍ട്ടികളുടെയും ഉഭയകക്ഷി യോഗം ചേരും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ബിനോയ് വിശ്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
പതിനാലിന് നടക്കുന്ന നിര്‍ണ്ണായകമായ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ചര്‍ച്ചയോടെ ഉഭയകക്ഷി തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കുകയും ‘വെളുത്ത പുക’ ഉയരുകയും ചെയ്യും. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം-സിപിഐ ധാരണ വഴിയൊരുക്കും. മുന്നണിയിലെ മുന്‍ഗണനാ തര്‍ക്കങ്ങള്‍ അവസാനിക്കുന്നത് നിയമസഭയ്ക്ക് പുറത്തും എല്‍ഡിഎഫിന് രാഷ്ട്രീയമായ ഊര്‍ജ്ജം നല്‍കും.