Kottayam
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചതിനെ തുടർന്ന് യുവതി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചതിനെ തുടർന്ന് യുവതി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. ജ്വല്ലറിയിൽ വെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഹാപൂരിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീ കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്നതും തൊട്ടുപിന്നാലെ അത് തുപ്പിക്കൊണ്ട് പുറത്തേക്ക് ഓടുന്നതും കാണാം. അർജുൻ നഗർ പ്രദേശത്ത് സ്വർണം വാങ്ങാൻ എത്തിയതായിരുന്നു യുവതി. കടയിൽ വെച്ച് കടുത്ത ദാഹം തോന്നിയതിനെ തുടർന്ന് അവർ കുടിക്കാൻ വെള്ളം ചോദിച്ചു. തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരൻ അടുത്തുള്ള പലചരക്ക് കടയിൽ നിന്ന് സീൽ ചെയ്ത ഒരു വാട്ടർ ബോട്ടിൽ വാങ്ങി കൊണ്ടുവന്നു. ഫ്രിഡ്ജിൽ ഇരുന്ന കുപ്പി അതേപടി ജീവനക്കാരന് നൽകിയെന്നാണ് പലചരക്ക് കടക്കാരൻ അവകാശപ്പെടുന്നത്. ജീവനക്കാരൻ ഈ കുപ്പി കൊണ്ടുവന്ന് സ്ത്രീക്ക് കൈമാറുകയായിരുന്നു.
കുപ്പിക്കുള്ളിൽ എന്താണെന്ന് അറിയാതെ അവർ അത് തുറന്ന് പെട്ടെന്ന് ഒരു കവിള് കുടിച്ചു. തൊട്ടടുത്ത നിമിഷം തന്നെ അവർ വേദനകൊണ്ട് നിലവിളിക്കുകയും കുടിച്ചത് തുപ്പിക്കളയാനായി കടയ്ക്ക് പുറത്തേക്ക് ഓടുകയുമായിരുന്നു. ഈ കുപ്പിയിൽ ആസിഡ് ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് അവരെ ആദ്യം ലോക്കൽ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാൽ മറ്റൊരു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ അവർ അവിടെ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പലചരക്ക് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുപ്പി പൂർണ്ണമായും സീൽ ചെയ്തതായിരുന്നുവെന്നും ഫ്രിഡ്ജിൽ നിന്ന് എടുത്ത അതേപടി തന്നെയാണ് ജീവനക്കാരന് നൽകിയതെന്നുമാണ് കടയുടമ പറയുന്നത്.
പലചരക്ക് കടയിൽ നിന്ന് പൊലീസ് ചില ആസിഡ് കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ അറിവിൽ ആ കുപ്പി പൂർണ്ണമായും സീൽ ചെയ്തതായിരുന്നു. ഫ്രിഡ്ജിൽ നിന്ന് എടുത്ത അതേപടി തന്നെയാണ് ഞങ്ങൾ അത് ഉപഭോക്താവിന് നൽകിയത്’- ജ്വല്ലറി ഉടമയായ ദേനു പറഞ്ഞു