Kerala
ഗാനകോകിലത്തിന് വിട; എസ്. ജാനകിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
മൈസൂരു: അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തുന്നു. ഞായറാഴ്ച രാവിലെയോടെയാണ് ഇവിടെ പൊതുദർശനം ആരംഭിച്ചത്. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖരും സാധാരണക്കാരുമായി ഒട്ടേറെപ്പേരാണ് പ്രിയ ഗായികയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ഹംസലേഖ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
രാവിലെ എട്ടരയ്ക്ക് തുടങ്ങിയ പൊതുദർശനം വൈകിട്ട് നാലര വരെ മഹാരാജാസ് ഗ്രൗണ്ടിൽ തുടരും. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. തുടർന്ന് നാലരയോടെ മൃതദേഹം ഹാനിയഹുണ്ഡി ഫാം ഹൗസിലേക്ക് കൊണ്ടുപോകും. അഞ്ചു മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ജാനകിയമ്മയുടെ വ്യക്തിപരമായ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കുന്നത്. കൊച്ചുമകൾ അപ്സരയാണ് മരണാനന്തര ചടങ്ങുകൾ നിർവഹിക്കുക.
കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയാണ് എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത്. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം സംഭവിച്ചത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഏഴരയോടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.