Kerala
സ്വകാര്യ ബസ് തൊഴിലാളികളുടെ കുടുംബം തകർക്കുന്ന സ്ത്രീ സൗജന്യയാത്ര ആർക്കു ഗുണം ചെയ്യും സർക്കാരെ :കെ ടി യു സി (എം )
കോട്ടയം :സ്വകാര്യ ബസ് മേഖലയെ ഒന്നടങ്കം തകർക്കുന്ന പ്രിയദർശിനി സ്ത്രീസൗജന്യയാത്ര തീരുമാനം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ കെ.ടി.യു.സി (എം).
കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ അറുപതിനായിരത്തോളം ജീവനക്കാരും ഈ ബസ് മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി മുപ്പതിനായിരത്തോളം തൊഴിലാളികളും ഉപജീവനം നടത്തിവരുന്നുണ്ട് സ്വകാര്യ ബസ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാണ് സർക്കാർ നീക്കം. KSRTC ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ കൂടി സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ പോലും സ്ത്രീകൾ മെയിൽ റോഡ് വരെ മാത്രം ടിക്കറ്റ് എടുത്ത് അവിടെ ഇറങ്ങി KSRTC യിൽ കയറിപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ കാരണത്താൽ ബസിൻ്റെ കളക്ഷനിൽ വളരെയധികം കുറവ് സംഭവിച്ചിരിക്കുന്നു. പകുതി ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ജീവനക്കാർ ഇപ്പോൾ ജോലി ചെയ്യുന്നത്. വിശദമായ പഠനം നടത്താതെ സ്വീകരിച്ച ഈ തീരുമാനത്തിലൂടെ ഭീമമായ നഷ്ടം സഹിച്ച് സർവീസ് നടത്തുന്ന ബസ് ഉടമകളെയും ബസ് തൊഴിലാളികളെയും ആൽമഹത്യയുടെ വക്കിലേക്ക് തള്ളിവിടരുതെന്നും സ്വകാര്യ ബസ് മേഖല സംരക്ഷിക്കുന്നതിനുള്ള ശാശ്വത പരിഹാരവും നടപടിയും ഉടൻ സ്വീകരിക്കണമെന്നും യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിയും സെക്രട്ടറി സാബു കാരയ്ക്കലും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.