Kerala
കൊഴുവനാലിൽ പുതിയ പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചു ഉത്തരവായതായി മാണി സി കാപ്പൻ എം എൽ എ
പാലാ:- പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തിയതനുസരിച്ച് കൊഴുവനാൽ ടൗണിൽ ഔട്ട് പോസ്റ്റ് അനുവദിച്ച് ഉത്തരവായതായി മാണി സി.കാപ്പൻ എംഎൽഎ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിലാണ് നിവേദനവുമായി എംഎൽഎയെ സമീപിച്ചത് .പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ മുനിസിപ്പാലിറ്റിയും ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണുള്ളത്. ?
15 കിലോമീറ്റർ അകലെയുള്ള കൊഴുവനാൽ പ്രദേശത്തുള്ളവർക്ക് പാലാ പോലീസ് സ്റ്റേഷനിൽ എത്തി ക്രമ സമാധാനപ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ല. യാത്രാസൗകര്യങ്ങൾ കുറവുള്ള പഞ്ചായത്ത് വാർഡുകളിൽ വസിക്കുന്നവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി സ്കൂളുകളും മറ്റ് സ്ഥാപനങ്ങളുമുള്ള പഞ്ചായത്ത് പരിധിയിൽ നിരവധിയായ ക്രമസമാധാന പ്രശ്നങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. സമീപ ജില്ലകളിൽ നിന്നു പോലും നിരവധി രോഗികൾ എത്തുന്ന മാർ സ്ലീവാ മെഡിസിറ്റിയും ഈ പഞ്ചായത്തിലാണ്. കേരളത്തിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പഠനത്തിന് എത്തുന്നവരും മെഡിസിറ്റിയിൽ ചികിത്സക്ക് വരുന്നവരുമായി ഏറെ തിരക്കുള്ള ഒരു സ്ഥലമായി കൊഴുവനാൽ ടൗൺ മാറിയിരിക്കുന്നു. അതുകൊണ്ട് ഗതാഗത തടസ്സവും ക്രമ സമാധാന പ്രശ്നങ്ങളും വർദ്ധിച്ചു വരുന്നു. അന്യസംസ്ഥാന തൊഴിലാളികളും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നു. ലഹരി വസ്തുക്കളുടെ വിപണനവും വിനിയോഗവും വലിയ തോതിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യം പഞ്ചായത്ത് ഭരണ സമിതി മാണി സി. കാപ്പന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രശ്നത്തിന്റെ ഗൗരവം ആഭ്യന്തരമന്ത്രിയെ നേരിട്ട് ബോദ്ധ്യപ്പെട്ടുത്തിയാണ് എം.എൽ.എ ഉത്തരവ് വാങ്ങിയത്. എത്രയും വേഗം ഔട്ട് പോസ്റ്റ് സ്ഥാപിച്ച് റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോട്ടയം എസ്.പിയെ ചുമതലപ്പെടുത്തിയതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു.
പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഇതിനായി മുൻകൈ എടുത്ത മാണി സി. കാപ്പൻ എം.എൽ.എയെയും പഞ്ചായത്ത് ഭരണ സമിതിയും കൊഴുവനാൽ പൗരാവലിയും അഭിനന്ദിച്ചു.