Kottayam

ളാലം പാലം ജങ്ഷനും കൈയ്യടക്കി ;ഇപ്പോൾ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്താൻ ഉള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി;:സതീഷ് ചൊള്ളാനി

Posted on

 

പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി രംഗത്ത്.
മുൻകാലങ്ങളിൽ ബസ് സ്റ്റാൻഡിലും പൊതുവിടങ്ങളിലും പൊതുയോഗങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഇനി ആവർത്തിക്കാൻ പാടില്ല.

എൽ ഡി എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ജനങ്ങളുടെ അംഗീകാരത്തോടുകൂടിയുള്ള യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്ത ശേഷവും ഇത്തരം ദുഷ്പ്രവണതകൾ അനുവദിച്ചു കൊടുത്താൽ അത് പൊതുജനങ്ങളെ നിരാശരാക്കും എന്ന കാര്യത്തിൽ തർക്കമില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

പൊതുഗതാഗത സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടിയിട്ടാണ് ബസ് സ്റ്റാൻ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. അവിടെ പകൽ സമയത്ത് പന്തലിട്ടു പൊതുയോഗം നടത്തിയാൽ ബുദ്ധിമുട്ടുണ്ടാകുക യാത്രക്കാർക്കും ബസ് ഓപ്പറേറ്റർമാർക്കും, സ്റ്റാൻ്റിലെ വ്യാപാരികൾക്കും ആണ്.

തൂണുകൾ നാട്ടിൽ പന്തൽ ഇടുന്നത് ബസുകളുടെയും യാത്രക്കാരുടെയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യവും ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാടക കൊടുത്താൽ പൊതുയോഗം നടത്തുവാൻ പാലായിൽ ധാരാളം ഇടങ്ങൾ ലഭ്യമാകും എന്നിരിക്കെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല.

എൽ.ഡി എഫ് സർക്കാർ കേരളം ഭരിച്ചിരുന്നപ്പോൾ നവ കേരള സദസ്സ് നടത്തുന്നതിനായി പാലാ മുനിസിപ്പൽ സ്റ്റേഡിയം അനുവദിച്ച് കൊടുക്കുകയും ആ പരിപാടിക്ക് വേണ്ടി പന്തലിട്ടപ്പോൾ സ്റ്റേഡിയത്തിന്റെ ഫുട്ബോൾ കോർട്ടിനും, സിന്തറ്റിക് ട്രാക്കിനും കേടുപാടുണ്ടായ ദുരനുഭവം പാലാക്കാർക്ക് മുന്നിലുണ്ട്. സമാനമായി കൊട്ടാരമറ്റം ബസ്റ്റാൻഡ് ഇത്തരത്തിൽ പരിപാടിക്ക് വേണ്ടി അനുവദിപ്പിച്ച ശേഷം പന്തലിട്ട് ബന്ധവസ്ഥാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച സിപിഎം ശൈലിയും ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്. മുമ്പ് ളാലം  പാലം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന് മുമ്പിൽ അനധികൃതമായി റോഡിലേക്ക് കയറ്റി പന്തലിട്ടതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനങ്ങളും പ്രതിഷേധിച്ചപ്പോൾ നിയമ സംവിധാനത്തെയും പ്രതിഷേധങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് പരിപാടി കഴിഞ്ഞ് ഏറെ ദിവസങ്ങൾ ആ പന്തൽ അവിടെ നിലനിർത്തിയ സംഭവവും ജനപ്രതിനിധികൾ മറന്നുപോകരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version