Kerala

കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ തന്നെ അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് സംസ്ഥാന ഐ.ടി. മിഷന്‍ അറിയിച്ചു:തുടർന്ന് വായിക്കുക

Posted on

 

കോട്ടയം: കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ തന്നെ അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് സംസ്ഥാന ഐ.ടി. മിഷന്‍ അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് വേളയില്‍ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്.

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. സമയബന്ധിതമായി ആധാര്‍ എടുക്കുന്നത് കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ സഹായകമാകും.

കുട്ടികള്‍ക്ക് അഞ്ചു വയസിലും 15 വയസിിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണം. അഞ്ചു വയസു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്യാം.

കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്.

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. പരാതികള്‍ അറിയിക്കുന്നതിന് സിറ്റിസണ്‍ കോള്‍ സെന്ററിലോ(1800-4251-1800 -ടോള്‍ ഫ്രീ,04712335523),
കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ ആധാര്‍ വിഭാഗത്തിലോ( 0471-2525442) ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version