Kerala

വൈപ്പിനിലെ ഷിപ്പ് യാർഡിൽ വിദേശ കപ്പലിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം പുരോ​ഗമിക്കുന്നു

Posted on

വൈപ്പിനിലെ ഷിപ്പ് യാർഡിൽ വിദേശ കപ്പലിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം പുരോ​ഗമിക്കുന്നുഎറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ ബാർജിൽ വൻ തീപിടിത്തം.കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്ലൂ ഷിപ്പ് യാർഡിൽ നങ്കൂരമിട്ടിരുന്ന കപ്പലിലാണ് ഇന്ന് പുലർച്ചെ തീ പടർന്നത്.

പുലർച്ചെ നാല് മണിയോടെ എൻജിൻ ഭാഗത്ത് നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു.തുടർന്ന് അഗ്‌നിശമനസേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും തീ പൂർണമായി നിയന്ത്രണവിധേയമാക്കാനായിട്ടില്ല.

അറ്റകുറ്റപ്പണികൾ നടക്കാത്ത സമയത്താണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.എന്നാൽ തീ പടർന്നതിനു പിന്നാലെ അത് അതിവേഗം കപ്പലിന്റെ മുകൾഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയ ബാർജായതിനാൽ കപ്പലിൽ ഇന്ധനം ശേഷിച്ചിരിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.

കൂടാതെ കപ്പലിനുള്ളിലെ പെയിന്റ് ഉൾപ്പെടെയുള്ള ജ്വലനശേഷിയുള്ള വസ്തുക്കൾ കത്തുന്നതിനാൽ കനത്ത പുക ഉയരുകയാണ്.ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നതായാണ് വിവരം.നിലവിൽ പുറത്തുനിന്ന് വെള്ളം പമ്പ് ചെയ്ത് കപ്പൽ തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.സമീപത്ത് മറ്റ് ബോട്ടുകളും കപ്പലുകളും ഉള്ളതിനാൽ തീ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ പ്രത്യേക മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, ഷിപ്പ് യാർഡ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്തെത്തി.പഞ്ചായത്ത് ലൈസൻസില്ലാതെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ്പ് മെമോ ലംഘിച്ചുമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.സ്കൂളിന് സമീപം പ്രവർത്തിക്കുന്ന യാർഡിൽ നിന്നുള്ള ശബ്ദ-വായു മലിനീകരണം നേരത്തെ തന്നെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച ഉപകരണങ്ങളിൽ നിന്നാണോ അപകടം ഉണ്ടായതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version