Kerala
പാലാ നഗരസഭ :കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡിൽ ഇടിക്കാതെ ഭരണ വണ്ടി വെട്ടിച്ച് മാറ്റി രക്ഷപെടുത്തി
പാലാ :പാലായിലെ ഭരണ കക്ഷിയിലുണ്ടായ ആഭ്യന്തര കുഴപ്പം ഒരു വിധത്തിൽ പരിഹരിക്കപ്പെട്ടു.ഇന്നലെ ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം ബ്ലോക്ക് കമ്മിറ്റി ആഫീസിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രശ്നത്തിന്റെ സങ്കീർണ്ണത ബിജു പുന്നത്തനത്തിന്റെയും ;സതീഷ് ചൊള്ളാനിയുടെയും ;എൻ സുരേഷിന്റെയും ,തോമസുകുട്ടി നെച്ചിക്കാടന്റെയും മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു .
ഓരോ വാക്കും കൃത്യതയോടെയും ,ആരെയും പ്രകോപിപ്പിക്കാതെയുമുള്ള നയപരമായ നീക്കമായിരുന്നു അത്.അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു .ദേശീയ കക്ഷിയായ കോൺഗ്രസിന്റെ അഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോവേണ്ടയെന്നുള്ള കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായമാണ് ഇവിടെ വിജയിച്ചത് .കൂടാതെ പാലാ തെക്കേക്കരയുള്ള ഏഴു വാർഡിലും സ്വതന്ത്ര മുന്നണിയുടെ സ്ഥാനാർത്ഥികൾ വരുന്നതിനു കരുക്കൾ നീക്കുന്നു എന്നതും കോൺഗ്രസ് കേന്ദ്രങ്ങളെ ഖിന്നരാക്കി .
തോളിൽ കയറിയിരുന്നു ചെവി കടിച്ചു പറിക്കുന്ന ഈ നയം തിരുത്തപ്പെടേണ്ടതാണെന്നു പോകെ പോകെ പല കോൺഗ്രസ് കൗണ്സിലര്മാര്ക്കും മനസിലായി തുടങ്ങി .ഒരു കോൺഗ്രസ് കൗൺസിലർ തുടക്കം മുതൽ സ്വതന്ത്രരുടെ ഏകാധിപത്യ പ്രവണതയെ എതിർത്തപ്പോൾ ആ കൗൺസിലറെ ഒറ്റ തിരിഞ്ഞു ആക്രമിക്കുക എന്ന ശൈലി സ്വീകരിച്ചു .ആ കൗണ്സിലർക്കു മാനസീക രോഗമാണെന്ന് വരെയുള്ള വ്യക്തി ഹത്യ ചെയ്തു .പക്ഷെ അപകടം തിരിച്ചറിഞ്ഞ മറ്റ് കോൺഗ്രസ് അംഗങ്ങൾ ഈ കൗണ്സിലർക്കു പിന്തുണ നൽകുകയായിരുന്നു .
സ്വതന്ത്ര മുന്നണിയുടെ സ്ഥിരം വ്യക്തിഹത്യ ശൈലി അങ്ങനെ പൊളിക്കുവാൻ കോൺഗ്രസ് കൗണ്സിലര്മാര്ക്ക് കഴിഞ്ഞു .അധിക തുംഗ പദത്തിലൊരു റാണി കണക്കയേ വിരചിച്ചിരുന്ന സ്വതന്ത്ര മുന്നണിയെ അടുത്ത തവണ വൈസ് ചെയർമാൻ സ്ഥാനം വേണ്ടെന്നും ;കൊട്ടാരമറ്റം സ്റ്റാൻഡ് അംഗീകരിപ്പിക്കാനും സാധിച്ചത് ഗ്രൂപ്പ് വ്യത്യാസമില്ലാതെയുള്ള കോൺഗ്രസുകാരുടെ ഒന്നിപ്പാണ് .അക്കാര്യത്തിൽ കോൺഗ്രസുകാരെ അഭിനന്ദിച്ച മതിയാവൂ .
അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി സ്വതന്ത്ര മുന്നണിയിലെ അരംഗം വരുമെന്നുള്ള പി ആർ വർക്കിന്റെ മസ്തകം നോക്കിയുള്ള അടിയായി ഇപ്പോൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള യു ഡി എഫിലെ അസ്വസ്ഥതകൾ .ഏതായാലും ബിജു പുന്നത്തനത്തിനും കോൺഗ്രസ് കൗണ്സിലര്മാര്ക്കും അഭിമാനിക്കാം കോൺഗ്രസിന്റെ അഭിമാനം വീണ്ടെടുത്തതിന് .കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡിൽ ഇടിച്ചു മറിയേണ്ട വാഹനത്തെ ധൃതഗതിയിൽ വെട്ടിച്ചു മാറ്റി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചതിനു കോൺഗ്രസ് അഭിനന്ദനം അർഹിക്കുന്നു .ആയിരമല്ല പതിനായിരമല്ല തൊള്ളായിരമാണ് വലുതെന്നു പ്രചരിപ്പിച്ചവർ ഇളിഭ്യരായി പോകുന്ന കാഴ്ചയും ഇപ്പോൾ കാണേണ്ടി വന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ