Kerala

മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം : സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് മുഖ്യമന്ത്രി നിർവഹിക്കും

Posted on

 

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. മത്സ്യബന്ധന-സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷമാണ് ഔദ്യോഗിക പരിപാടികൾ ആരംഭിക്കുക.

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി രാജ്യത്താദ്യമായി ഒരു വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം.

വയോജനങ്ങൾക്കായുള്ള സർക്കാരിന്റെ പദ്ധതികളെക്കുറിച്ചും അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ശക്തമായ അവബോധം സൃഷ്ടിക്കണമെന്ന് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിലെ 21-ാം വകുപ്പ് നിഷ്‌കർഷിക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഹ്വാന പ്രകാരം മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണദിന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 15 ലോക വയോജന അതിക്രമ വിരുദ്ധ ദിനമായി (World Elder Abuse Awareness day) ആചരിക്കുന്നത്. ‘Beyond Awareness: Making Elder Abuse Prevention Work’ എന്നതാണ് ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ പ്രധാന പ്രമേയം.

ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി. സ്വാഗതം ആശംസിക്കും. ശശി തരൂർ എംപി, മേയർ അഡ്വ. വി. വി. രാജേഷ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, വാർഡ് കൗൺസിലർ ഷേർളി എസ്., വയോജനക്ഷേമ വകുപ്പ് സെക്രട്ടറി രത്തൻ യു. കേൽക്കർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ, സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ കെ. സോമപ്രസാദ്, ജില്ലാ കളക്ടർ അനു കുമാരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക്, സബ് കളക്ടർ ആൽഫ്രഡ് ഒ. വി., ഒ.സി.ബി ചെയർമാൻ എൻ. അലി അബ്ദുള്ള, എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ദേവി പ്രിയ ഡി., നെടുമങ്ങാട് ആർ.ഡി.ഒ. മനോജ് രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version