Kerala

സിപിഐക്ക് ആരുടെയും മുന്നിൽ തലകുനിക്കേണ്ട കാര്യമില്ല ;ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ആനി രാജ

Posted on

പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകുന്നതിനിടെ ശക്തമായ പ്രതികരണവുമായി സിപിഐ ദേശീയ നേതാവ് ആനി രാജ. സിപിഐക്ക് ആരുടെയും മുന്നിൽ തലകുനിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ അവർ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നും കൂട്ടിച്ചേർത്തു. തോൽവിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷം ശ്രമിക്കണം. ഉയരുന്ന വിമർശനങ്ങൾ ഉൾക്കൊള്ളുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ സ്ഥാനം സിപിഐക്ക് നൽകുന്നത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു.

ജൂൺ 8-ന് ന്യൂഡൽഹിയിൽ ചേരുന്ന ‘ഇൻഡ്യ’ മുന്നണിയുടെ നിർണായക യോഗം സംബന്ധിച്ചുള്ള അതൃപ്തിയും ആനി രാജ പരസ്യമാക്കി. സഖ്യം വെറും പേരിന് മാത്രം പോരെന്നും, ജനങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ പ്രവർത്തിക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും അവർ വിമർശിച്ചു. സഖ്യത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ നിരാശയിലാണ്. അതുകൊണ്ട് തന്നെ ജൂൺ 8-ലെ യോഗത്തിന് പോകണമോ എന്ന കാര്യത്തിൽ സിപിഐ ഇന്ന് തീരുമാനമെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ആനി രാജ അറിയിച്ചു. സിജെപി ഒരു രജിസ്റ്റേർഡ് പാർട്ടി അല്ലെങ്കിലും അവർ ഉയർത്തിയ വിഷയങ്ങൾ സിപിഐ മുന്നോട്ട് വെച്ച അതേ കാര്യങ്ങൾ തന്നെയാണ്. സമരത്തിൽ ദേശീയ മഹിളാ ഫെഡറേഷനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമോ എന്നത് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പശ്ചാത്തലത്തിൽ, ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഏറെ നിർണായകമാണ്. സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version