India

തമിഴ്‌നാട്ടിലെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അരനൂറ്റാണ്ടു മുമ്പു പുറത്തായ കോണ്‍ഗ്രസ് 59 വര്‍ഷത്തിനു ശേഷം രണ്ടു മന്ത്രിമാരുമായി തിരിച്ചെത്തുന്നു

Posted on

തമിഴ്‌നാട്ടിലെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അരനൂറ്റാണ്ടു മുമ്പു പുറത്തായ കോണ്‍ഗ്രസ് 59 വര്‍ഷത്തിനു ശേഷം രണ്ടു മന്ത്രിമാരുമായി തിരിച്ചെത്തുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉയിര്‍പ്പോടെ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറന്തള്ളപ്പെടുകയായിരുന്നു.

വിജയ് മന്ത്രിസഭയില്‍ പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ ശക്തി ക്ഷയിച്ചുപോയ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ വലിയ പ്രതീക്ഷ പകരുന്നതാണ്. മേലൂരില്‍ നിന്ന് ജയിച്ച വിശ്വനാഥന്‍ തമിഴ്‌നാട്ടില്‍ ജനറല്‍ സീറ്റില്‍ വിജയിച്ച ഏക ദളിത് സ്ഥാനാര്‍ഥിയാണ്. കിള്ളിയൂര്‍ എം എല്‍ എ ആയ രാജേഷ് കുമാര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാണ്. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സര്‍ക്കാരില്‍ ഇരുപതില്‍ അധികം മന്ത്രിമാരുണ്ടാകുമെന്ന് സൂചന. വി സി കെയും മുസ്ലിം ലീഗും മന്ത്രിസഭയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടി വി കെ അറിയിച്ചു. സര്‍ക്കാറിനെ പിന്തുണക്കുന്ന സി പി എം, സി പി ഐ പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്നാണ് പിന്തുണ നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ 10 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണറുടെ ചുമതലയുള്ള ആര്‍ വി ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസിനെ ഭരണത്തില്‍ ഉള്‍പ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സഖ്യം ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് ടി വി കെയുടെ വിലയിരുത്തല്‍ വി സി കെയും സി പി എമ്മും ശക്തമായി എതിര്‍ത്ത സാഹചര്യത്തില്‍ അണ്ണാ ഡി എം കെയിലെ വിമത വിഭാഗത്തെ ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി വിജയ്. എ ഐ എ ഡി എം കെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സി പി എം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version