Kerala

ഇന്ധന വില വർധനവ് ജനങ്ങളോടുള്ള വെല്ലുവിളി: ജോസ് കെ മാണി

Posted on

 

കോട്ടയം: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.രാജ്യത്തെ ജനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാരിന്റെ ഇന്ധനവില വർധനവിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ കുത്തനെ ഉയർന്ന വില ഹോട്ടലുകളും ചെറുകിട വ്യാപാരികളും നേരിടുന്ന പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്. ഇന്ധനവിലയും ഗ്യാസ് വിലയും തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്രനയം ജനവിരുദ്ധമാണെന്നും, നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

ഇന്ധനവില വർധനവ് ഗതാഗത ചെലവുകൾ ഉയർത്തി വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതിന്റെ ആഘാതം ഭീകരമായിരിക്കും. സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും ജീവിതച്ചെലവ് നിയന്ത്രിക്കാനാവാത്തവിധം ഉയരാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പശ്ചിമേഷ്യയിലെ സംഘർഷം ചൂണ്ടിക്കാട്ടി വില വർധനവ് ന്യായീകരിക്കാൻ ശ്രമിക്കുന്നതാണെങ്കിലും, യഥാർത്ഥത്തിൽ എണ്ണക്കമ്പനികളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്ന കാലത്ത് പോലും യുപിഎ സർക്കാർ സബ്‌സിഡി നൽകി ജനങ്ങൾക്ക് ആശ്വാസം നൽകിയിരുന്നു. എന്നാൽ അതിന് പകരം അമിത നികുതി ചുമത്തി ജനങ്ങളെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശിക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version