Kerala
കെ സി യോടുള്ള പെരുത്ത് ഇഷ്ട്ടം കൊണ്ടാണ് ഫ്ളക്സ് വച്ചതെന്ന് സിപിഐ(എം) നേതാവ് :കണ്ടമാനം ഇഷ്ട്ടം കൂടേണ്ടെന്ന് കോൺഗ്രസ്
തൃശൂർ: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സിപിഎം നേതാവ് മുഹമ്മദ് അരവശേരി പുതിയ വിശദീകരണവുമായി രംഗത്ത്. കെ.സി. വേണുഗോപാലിനോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാണ് താൻ ഫ്ലക്സ് വെച്ചതെന്നാണ് ഇയാളുടെ അവകാശവാദം.
സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ മുഹമ്മദ്, രാത്രിയുടെ മറവിലാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചത്. തൊട്ടടുത്ത മൊബൈൽ കടയിലെ സിസിടിവി കേടായിക്കിടക്കുകയാണെന്ന ധാരണയിലാണ് ഇയാൾ പണിക്കിറങ്ങിയത്. എന്നാൽ, കടയുടമ ക്യാമറ നന്നാക്കിയത് അറിയാതെ പോയ മുഹമ്മദിന്റെ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞു. യുഡിഎഫ് പ്രവർത്തകർ ദൃശ്യങ്ങൾ കൈയോടെ പിടികൂടിയതോടെയാണ് ‘മുഹമ്മദ് കോടിയേരി’ എന്ന് സ്വയം വിളിക്കുന്ന ഈ കടുത്ത സിപിഎം പ്രവർത്തകൻ കുടുങ്ങിയത്.
ആദ്യം വാട്സാപ്പ് ഗ്രൂപ്പിലൂടെ കുറ്റസമ്മതം നടത്തിയ മുഹമ്മദ്, പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. “കോൺഗ്രസ് ഭരണത്തിലല്ലേ ഇനി വരൂ. മൂന്ന് പേർ (കെ.സി, സതീശൻ, ചെന്നിത്തല) ലൈനിൽ നിൽക്കുകയല്ലേ, അതിൽ കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം.” കോൺഗ്രസുകാരെ വെറുക്കരുതെന്നും അവരും നമ്മുടെ സഹോദരങ്ങളാണെന്നും മുഹമ്മദ് പറയുന്നു. കെ.സിയോടുള്ള താല്പര്യം കൊണ്ട് ചെയ്തുപോയതാണെന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്.
സംഭവത്തിൽ കോൺഗ്രസ് നൽകിയ പരാതിയെത്തുടർന്ന് മുഹമ്മദ് അരവശേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഇയാളെ വിട്ടയച്ചു. സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും ഒരുപോലെ പരിഹാസത്തിന് പാത്രമായിരിക്കുകയാണ് ഈ ‘ഫ്ലക്സ് വെക്കൽ’ നാടകം. മുഹമ്മദ് അരവശേരിയുടെ ഓഡിയോ സന്ദേശം പുറത്തുവിട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. ബോധപൂർവ്വം പാർട്ടിയിൽ കുഴപ്പമുണ്ടാക്കാൻ സിപിഎം നടത്തിയ നീക്കമാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു.