Kerala

കുന്നംകുളം കാരൻ ഡാ :പോലീസ് ആണെന്ന് വിശ്വസിപ്പിച്ച് പൂക്കടക്കാരനെ കബളിപ്പിച്ച് റീത്തും പണവുമായി മുങ്ങി :

Posted on

സ്റ്റേഷനിലേക്ക് റീത്തു വാങ്ങാനെന്ന് തെറ്റിധരിപ്പിച്ചെത്തിയ വ്യാജ പോലീസുകാരന്‍ പൂക്കട ജീവനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്തു. കഴിഞ്ഞ രാത്രി കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പൂക്കടയിലാണ് തട്ടിപ്പ് നടന്നത്. റീത്ത് വാങ്ങാനെന്ന പേരിലെത്തിയ വ്യാജ പൊലീസുകാരന്‍ പൂക്കട ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.

രാത്രി 12ന് പൂക്കടയില്‍ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരനെ വിളിച്ചുണര്‍ത്തിയശേഷം 500 രൂപയുടെ ഒരു റീത്ത് വേണമെന്ന് ആവശ്യപ്പെട്ടു. ഷര്‍ട്ടും പാന്റ്‌സും കൈയില്‍ ബാഗുമായി വന്ന ഇയാള്‍ ഫോണിലൂടെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് റീത്തില്‍ എഴുതേണ്ടത് എന്താണന്നതടക്കം ചോദിച്ചു കൊണ്ടിരുന്നു. 500 രൂപയുടെ റീത്ത് വേണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് നാല് റീത്ത് കൂടി വേണമെന്ന് ആവശ്യപ്പെട്ടു. 45 മിനിറ്റിനുശേഷം നല്‍കാമെന്ന് പറഞ്ഞ് ജീവനക്കാരനോട് ഓട്ടോറിക്ഷയ്ക്ക് നല്‍കാന്‍ ചില്ലറയില്ലന്നും 400 രൂപ വേണമെന്നാവശ്യപ്പെട്ടു. 400 രൂപ ജീവനക്കാരന്‍ ഇയാള്‍ക്ക് നല്‍കി. റീത്ത് കെട്ടിയ ശേഷം ജീവനക്കാരന്‍ ഇയാള്‍ക്കു വേണ്ടി ഉറക്കമൊഴിച്ച് കാത്തിരുന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞശേഷം ഇയാള്‍ വരാതിരുന്നപ്പോള്‍ പൂക്കച്ചവട ജീവനക്കാരന്‍ കടയില്‍ നിന്ന് പുറത്തിറങ്ങി സമീപത്തെ ചായക്കടയില്‍ പോയി അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണന്ന് മനസിലായത്. ഉറങ്ങി കിടന്നവനെ വിളിച്ചുണര്‍ത്തി പണം തട്ടിയെടുത്ത വിരുതനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുന്നംകുളത്തും പരിസരത്തും സമാനമായ രീതിയില്‍ ഇയാള്‍ ചില തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version