Kerala
പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരിവാരിത്തേച്ച് ചാലമറ്റത്തെ പെട്രോൾ പമ്പ് ഉടമ; പ്രതിഷേധവുമായി ബി.ജെ.പി മേലുകാവ് പഞ്ചായത്ത് കമ്മിറ്റി
പാലാ :മേലുകാവ്: ചാലമറ്റത്ത് പ്രവർത്തിക്കുന്ന വി.കെ.സി ഫ്യൂവൽസ് (VKC Fuels) എന്ന ബി.പി.സി.എൽ പെട്രോൾ പമ്പിൽ സ്ഥാപിച്ചിരുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചരണ ബോർഡ് വികൃതമാക്കിയ നടപടി വിവാദമാകുന്നു. ബോർഡിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കേന്ദ്ര സർക്കാർ എന്നതിലെ “കേന്ദ്ര” എന്ന ഭാഗവും മാത്രം മനഃപൂർവ്വം കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ചതായാണ് പരാതി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ബോർഡിൽ കറുത്ത പെയിൻ്റ് അടിച്ചതെന്നാണ് പമ്പ് അധികൃതരുടെ വാദം. എന്നാൽ പ്രധാനമന്ത്രിയുടെ ചിത്രം മാത്രമായി കറുത്ത പെയിന്റ് അടിച്ച് വികൃതമാക്കാൻ കമ്മീഷന്റെ യാതൊരു ഉത്തരവുമില്ലെന്ന് ബി.ജെ.പി പ്രവർത്തകർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാനെന്ന പേരിൽ പ്രധാനമന്ത്രിയുടെ മുഖത്ത് മാത്രം പെയിന്റ് അടിച്ചത് ഭരണഘടനാ പദവിയെ അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഇക്കാര്യം ചോദിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരോട് പമ്പ് ഉടമ അത്യന്തം മോശമായും പ്രകോപനപരമായും പെരുമാറിയതായും പരാതിയുണ്ട്. ബോർഡ് വികൃതമാക്കാൻ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ഉടമയുടെ മറുപടി. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയ ബി.ജെ.പി മേലുകാവ് പഞ്ചായത്ത് കമ്മിറ്റി, മേലുകാവ് പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചു. കൂടാതെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇമെയിൽ അയക്കുകയും ചെയ്തു.
ഒരു സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന്റെ ഡീലർ എന്ന നിലയിൽ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് അരുൺ ദേവ് പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും പ്രധാനമന്ത്രിയെ അപമാനിച്ചതിനും പമ്പ് അധികൃതർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. വികൃതമാക്കപ്പെട്ട ബോർഡിന്റെ ചിത്രങ്ങളും മറ്റും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.