Kerala

ഇന്ന്  കേരളം പോളിംഗ് ബൂത്തിലേക്ക് നടക്കുമ്പോൾ താൻ വല്ലാതെ മിസ് ചെയ്യുന്നത് അച്ചാച്ചനെയാണെന്ന് ജോസ് കെ മാണി;മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തനിക്ക് പാലാ പട്ടണം അവസാനമായി കാണണമെന്ന് പറഞ്ഞ അച്ചാച്ചനാണ് ജോസിന്റെ മനസിലുള്ളത്

Posted on

കോട്ടയം: സർവോപരി പാലാക്കാരൻ എന്ന് സ്വയം വിശേഷിപ്പിച്ച കേരള രാഷ്ട്രീയത്തിലെ ഇതിഹാസ നായകൻ കെ എം മാണി വിട പറഞ്ഞിട്ട് ഇന്ന്  ഏഴുവർഷം. പാലായുടെ മനസ് മാണിസാറിന്റെ ഓർമ്മകളിൽ നിറയുന്ന ദിനത്തിൽ തന്നെ മകൻ ജോസ് കെ മാണി മത്സരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പ് തിയതി വന്നുചേർന്നത് യാദ്യച്ഛികമായി. കെ.എം മാണിയുടെ ഓർമ്മ ദിനമായ ഇന്ന്  പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാനയ്ക്ക് ശേഷം രാവിലെ 7.15 am ന് കെ.എം മാണിയുടെ കല്ലറയിൽ കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥന നടത്തിയതിന് ശേഷമാകും ജോസ് കെ.മാണി വോട്ട് ചെയ്യാൻ പോകുക. ഇന്ന്  സംസ്ഥാനത്ത് എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും കെ എം മാണി സാറിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.

പാലാ മണ്ഡലവും കെ എം മാണിയും ഒരുമിച്ച് പിറന്നവരാണ്. 1965ലായിരുന്നു ഇത്. മീനച്ചിൽ, പുലിയന്നൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ ചേർത്ത് പാലാ മണ്ഡലമുണ്ടായപ്പോൾ കോൺഗ്രസിൽ നിന്നും ഇറങ്ങിപോന്ന കെ എം മാണി ആദ്യമായി അവിടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി. പിന്നെ 2019 ഏപ്രിൽ 9ന് മരിക്കുന്നത് വരെയും മാണിസാർ പാലായുടെ സഭാനാഥനായി. തുടർച്ചയായി 12 തവണ. 54 കൊല്ലം. ഇന്ത്യയിൽ ഇന്നും ഈ റെക്കോർഡ് കെ എം മാണിക്ക് മാത്രം സ്വന്തം.

ഇത് ഒരു കൂട്ടുകുടുംബമാണ്. പത്തമ്പത് വർഷമായി ഞങ്ങളങ്ങനെ സുഖദു:ഖങ്ങളൊക്കെ പ്പങ്കിട്ട് ഒരുമിച്ച് ചിരിച്ചും കരഞ്ഞും അങ്ങനെ പോകുന്നു… ഇതാണ് മാണിസാർ പാലായെ കുറിച്ച് ആവർത്തിക്കാറുള്ള പഞ്ച് ഡയലോഗ്. പാലായെ പരിചരിച്ച പോലെ മകൻ ജോമോനെ ( ജോസ് കെ മാണി ) പോലും മാണിസാർ നോക്കിയിട്ടില്ലെന്ന് പാലാക്കാർ കളിയാക്കാറുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. കുട്ടിയമ്മ തന്റെ ആദ്യ ഭാര്യയും പാലാ തന്റെ രണ്ടാം ഭാര്യയുമാണെന്ന് പറഞ്ഞ് മാണിസാർ കണ്ണിറുക്കി ചിരിക്കുന്നത് ഇന്നും പാലാക്കാരുടെ മനസിലുണ്ട്. കെഎം മാണി ധനമന്ത്രിയായാൽ പാലായിലെ കലുങ്കും ഓടയുമൊക്കെ സംസ്ഥാന ബജറ്റിൽ കയറുമെന്ന് പറഞ്ഞ് കളിയാക്കുന്നവർ ധാരാളമുണ്ട്.

പത്തു കിലോമീറ്റർ മാത്രമൊഴുകുന്ന മീനച്ചിലാറിന് കുറുകെ 17 പാലങ്ങൾ പണിത മന്ത്രിയായിരുന്നു മാണിസാർ. കത്തീഡ്രൽ പള്ളിയിൽ ഹാജരുവയ്ക്കാത്ത ഞായറാഴ്ചകൾ മാണിസാറിനുണ്ടായിരുന്നില്ല, സംസ്ഥാനത്തിന് എന്തു കിട്ടിയാലും ഒരെണ്ണം പാലായ്ക്ക് വേണമെന്ന് മാണിസാറിന് നിർബന്ധമായിരുന്നു.
കെ എസ് ആർ റ്റി സി വണ്ടി വാങ്ങിയാൽ പോലും ഈ നിർബന്ധത്തിന് ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. തന്റെ പരിലാളനയിൽ തലയുയർത്തി നിൽക്കുന്ന പാലായെ കരിങ്ങോഴയ്ക്കൽ വീട്ടിലെ ചാരു കസേരയിൽ കിടന്ന്
കാണാനായിരുന്നു മാണിസാറിന് എന്നുമിഷ്ടം.

ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്രിപ്പിൾ ഐ. ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ പാലായിലും പരിസരത്തുമായി എം.പിയായ മകൻ ജോസ് കെ മാണി സ്ഥാപിക്കുമ്പോൾ മാണിസാർ സന്തോഷിച്ചു. ജോസിന്റെ മറ്റൊരു സംരംഭമായ സയൻസ് സിറ്റിയുടെ ആലോചനയിൽ രോഗ കിടക്കയിൽ കിടന്നും മാണിസാർ സഹകരിച്ചു. രോഗത്തെ കീഴ്പ്പെടുത്തി രോഗിയെ രക്ഷിച്ച മാണിമാജിക്ക് എന്നറിയപ്പെടുന്ന കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്നും 1.42 ലക്ഷം പേർക്ക് 1200 കോടിയുടെ ചികിത്സാ സഹായം നൽകിയ ശേഷമാണ് മാണിസാർ നിത്യതയിൽ ലയിച്ചത്. റബറിന് 150 രൂപ താങ്ങുവിലയായി വിലസ്ഥിര താ ഫണ്ട് രൂപീകരിച്ചതും അവസാന നാളിൽ.

ധനം, ആഭ്യന്തരം, നിയമം, ജലസേചനം, റവന്യു, ഭവന നിർമ്മാണം, വൈദ്യുതി, ഇൻഫർമേഷൻ തുടങ്ങിയ വകുപ്പുകളിൽ 24 വർഷം മന്ത്രിയായിരുന്ന കെ.എം.മാണിയാണ് എല്ലാവർക്കും കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയ സാമൂഹിക ജലസേചന പദ്ധതിയും വെളിച്ച വിപ്ലവവും നടപ്പാക്കിയത്. പാലാ ജനറൽ ആശുപത്രി, ഏറ്റുമാനൂർ – പുഞാർ ഹൈവേ, പാലങ്ങൾ, ആധുനിക മികവുള്ള റോഡുകൾ, റവന്യു ടവർ, ട്രഷറി, കോടതി സമുച്ചയം എന്നിങ്ങനെ തീവണ്ടിയൊഴിച്ച് പാലായിൽ എല്ലാം കൊണ്ടുവന്നത് കെ എം.മാണിയാണ്. മാന്യതയുടെ പ്രതീകമായിരുന്ന കെ എം മാണിയിൽ നിന്നും ഒരിക്കൽ പോലും ഒരു നാക്കുപിഴയുണ്ടായിട്ടില്ല. ഇതാണ് അച്ചാച്ചനിൽ താനേറെ ഇഷ്ടപ്പെടുന്ന ക്വാളിറ്റിയെന്ന് മകൻ പറയുന്നു.

ഇന്ന്  കേരളം പോളിംഗ് ബൂത്തിലേക്ക് നടക്കുമ്പോൾ താൻ വല്ലാതെ മിസ് ചെയ്യുന്നത് അച്ചാച്ചനെയാണെന്ന് ജോസ് കെ മാണി പറഞ്ഞു. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തനിക്ക് പാലാ പട്ടണം അവസാനമായി കാണണമെന്ന് പറഞ്ഞ അച്ചാച്ചനാണ് ജോസിന്റെ മനസിലുള്ളത്. കാറിന്റെ മുൻ സീറ്റിൽ കിടക്കുകയായിരുന്ന മാണിസാറിന്റെ വാഹനം ഓടിച്ചത് ജോസായിരുന്നു. ഏഴാം ഓർമ്മദിനത്തിൽ ജോസ് കെ മാണിയും കുടുംബവും കല്ലറയിൽ പ്രാർത്ഥിക്കും. കുർബാനയിൽ പങ്കെടുത്ത ശേഷം പോളിംഗ് ബൂത്തിലേക്ക് പോകും.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version